ആകാശ താഴ്ച്ചയിലൂടെ പറന്ന് കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആകാശം തൊട്ടുള്ള സഞ്ചാരം വേറെ ഒരു അനുഭവം തന്നെയാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം വിമാന യാത്രയും നമ്മള്‍ ഇത്രയേറെ ഇഷ്ടപ്പെടുന്നത്. മറ്റു യാത്രകളെ അപേക്ഷിച്ച് ഏറ്റവും സേഫ് ആയ സഞ്ചാരമാണ് വിമാന യാത്ര. മാത്രമല്ല സമയവും ലാഭിക്കാം.
എന്നാല്‍ എല്ലാ വിമാനത്താവളങ്ങളും ഒരു പോലെയല്ല. അപകടങ്ങള്‍ പതിയിരിക്കുന്ന വിമാനത്താവളങ്ങളും ഉണ്ട്. ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള ചില വിമാനത്താവളങ്ങളെക്കുറിച്ച് അറിയാം..
1. സെന്റ് മാര്‍ട്ടീന്‍, കരീബിയ
കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടീനിലാണ് പ്രിന്‍സസ് ജൂലിയാന എന്ന ഈ വിമാനത്താവളം. സഞ്ചാരികളുടെ തലയ്ക്ക് തൊട്ടുമുകളിലൂടെ വന്ന് റണ്‍വേയിലേക്ക് പറന്നിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ഇവിടം. ലാന്‍ഡിംഗ് അല്‍പ്പമൊന്നു പിഴച്ചാല്‍ വിമാനം നേരം കടലിലാവും പതിക്കുക.
2. ജിബ്രാള്‍ട്ടര്‍
ജിബ്രാള്‍ട്ടറിലെ ഈ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവില്‍ നിന്നാണ്. മാത്രമല്ല, ഇവിടെ ലാന്‍ഡ് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിനിടെ തിരക്കേറിയ ഒരു റോഡു കടന്നുപോകുന്നുണ്ട്. അതായത് വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സിഗ്‌നല്‍ തെളിഞ്ഞ് വാഹനങ്ങളെ തടയും. ഇതുമാലപം ഇവിടെ പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
3. ടോണ്‍കോണ്‍ടിന്‍, ഹോണ്ടുറാസ്
എത്ര വിദഗ്ദ്ധനായ പൈലറ്റും ഇവിടെ എത്തുമ്പോള്‍ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം. പൈലറ്റുമാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോണ്‍കോണ്‍ടിന്‍. ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയില്ല. വളഞ്ഞെത്തിയാണ് റണ്‍വേയിലേക്ക് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കുക.
4. കോര്‍ഷ് വെല്‍, ഫ്രാന്‍സ്
ആല്‍പ്‌സ് പര്‍വ്വതനിരയിലെ ഒരു കൊടുമുടിയിലാണ് കോര്‍ഷ് വെല്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വന്‍ മലയിടുക്കുകളാണ് ഈ വിമാനത്താവളത്തിന് ചുറ്റും. ഒരു ഇറക്കത്തിലാണ് വിമാനത്താവളത്തിന്റെ റണ്‍വേ. ഈ റണ്‍വേയുടെ നീളമോ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതുമൊക്കെ കുത്തനെയുള്ള പാറക്കെട്ടില്‍ അവസാനിക്കുന്ന റണ്‍വേയിലൂടെയാണെന്നു ചുരുക്കം.
5. കുംബോ ബണ്ട, ടിബറ്റ്
സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിലാണ് ടിബറ്റിലെ ഈ വിമാനത്താവളം. ഓക്‌സിജന്റെ ലഭ്യത കുറവാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ലാന്‍ഡിങ് സമയത്തിന് മുന്‍പ് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്നത് പലപ്പോഴും എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
6. പാരോ, ഭൂട്ടാന്‍
ഏകദേശം 5500 മീറ്റര്‍ ഉയരമുള്ള പര്‍വതങ്ങളും 1870 മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേയുമാണ് ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിന്റെ പ്രത്യേകത. ലോകത്തെ എല്ലാ വിമാനത്താവളത്തിലും പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനുമുള്ള അനുമതിയുണ്ട്. എന്നാല്‍ പാരോയില്‍ വിമാനം ഇറക്കാനും പറത്താനും വെറും 8 പൈലറ്റുമാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. എത്രമാത്രം അപകടം പിടിച്ചതാണ് ഇവിടമെന്ന് ഇനി പറയേണ്ടല്ലോ?!
7. ഗിസ്‌ബോണ്‍, ന്യൂസിലന്റ്
റണ്‍വേയ്ക്ക് കുറുകെയുള്ള റെയില്‍ പാളമാണ് ഇവിടെ വില്ലന്‍. ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകള്‍ മുറിച്ചു കടന്നുപോകുന്ന കാഴ്ചകള്‍ ഇവിടെ പതിവാണ്. കൃത്യമായ ഇടവേളകളില്‍ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഇവിടെ അപകടം ഒഴിവാക്കുന്നത്.
8. മക്മര്‍ഡോ, അന്റാര്‍ട്ടിക്ക
ഐസുപാളികളും ഇരുട്ടു നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയുമാണ് ഇവിടുത്തെ വില്ലന്മാര്‍. ലാന്‍ഡിംഗിനിടെ വിമാനം തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ് ഇവിടെ.
9. സാബാ വിമാനത്താവളം
ലോകത്തെ ഏറ്റവും ചെറിയ വാണിജ്യ വിമാനത്താവള റണ്‍വേ ആണ് സെന്റ് മാര്‍ട്ടീനിലെ സാബാ വിമാനത്താവളത്തിലേത്. 1300 മീറ്റര്‍ മാത്രമാണ് ഈ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം. റണ്‍വേ തുടങ്ങുന്നതും അവസാനിക്കുന്നതും കടലിടുക്കിലാണ്. കൂടാതെ റണ്‍വേയുടെ ഇരുവശങ്ങളിലും കുത്തനെയുള്ള ഇറക്കവും ഇവ ചെന്നെത്തുന്നത് സമുദ്രത്തിലേക്കും.
10. അഗത്തി, ലക്ഷദ്വീപ്
നമ്മുടെ അഗത്തി വിമാനത്താവളവും അപകടം പിടിച്ച വിമാനത്താവളങ്ങളില്‍ പെടും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാര്‍ഗവും അഗത്തിയാണ്. ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.
Discussion about this post