ഇസ്ലാമാബാദ്: വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ മുന്‍ പാകിസ്താന് പ്രസിഡന്റ്
ആസിഫലി സര്‍ദാരിയും സഹോദരി ഫരിയാല്‍ താല്പൂരിയും അറസ്റ്റില്‍. അഴിമതി വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റെ് ആണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് ഉടനെയാണ് അറസ്റ്റ്. ഇസ്ലാമാബാദിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് പണം കടത്തി എന്നതാണ് സര്‍ദാരിക്കെതിരെയുള്ള കുറ്റം. നേരത്തേ ഇസ്ലാമാബാദ് ഹൈക്കോടതി സര്‍ദാരിയും സഹോദരിയും ഇടക്കാലജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇസ്ലാമാബാദിലെ ‘സര്‍ദാരി ഹൗസ്’ എന്ന വസതിയിലെത്തി സര്‍ദാരിയെ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ജസ്റ്റിസ് ആമിര്‍ ഫറൂഖ്, മൊഹ്സിന്‍ അഖ്തര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സര്‍ദാരിയുടെ അപേക്ഷ തള്ളിയത്.
അറസ്റ്റിനെതിരെ സര്‍ദാരിയും കുടുംബവും ഉടന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചേക്കും. ആസിഫലി സര്‍ദാരിയുടെയും സഹോദരിയുടെയും പേരിലുള്ള കമ്പനികളിലേക്ക് വിദേശത്തു നിന്ന് വ്യാജഅക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് മില്യണ്‍ ഡോളര്‍ എത്തിയ കേസിലാണ് സര്‍ദാരിയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.
കനത്ത സുരക്ഷാ വലയത്തിലാണ് സര്‍ദാരിയെയും സഹോദരിയെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പാക് പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. പാക് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സ്ഥാനമേറ്റതിന് പിന്നാലെയാണ് സര്‍ദാരിക്കും സഹോദരിക്കുമെതിരായ കേസില്‍ അന്വേഷണം ഊര്‍ജിതമാകുന്നത്.
Discussion about this post