ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടം സ്വന്തമാക്കി അമേരിക്കന്‍ സ്വദേശിനിയായ ലെക്‌സി അല്‍ഫോര്‍ഡ്. കുട്ടിക്കാലം മുതലേ ഈ മിടുക്കി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങിങ്ങിയിരുന്നു. ഒരു യാത്രികയാകണമെന്ന തന്റെ ആഗ്രഹമാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലെക്‌സി പറയുന്നു.
2016 ആയപ്പോഴേക്കും ലോകത്തിലെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദര്‍ശിക്കണമെന്ന ലെക്സിയുടെ ആഗ്രഹം സഫലമായി. ഏതെങ്കിലും ഒരു റെക്കോര്‍ഡ് തകര്‍ക്കണമെന്ന ലക്ഷ്യം ആദ്യം തനിക്കുണ്ടായിരുന്നില്ലെന്ന് ലെക്സി പറയുന്നു. പതിനെട്ടാം വയസ്സില്‍ തന്നെ ലെക്സി 72 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരുന്നു.
ഈ സമയത്താണ് ലോക റോക്കോര്‍ഡ് തകര്‍ക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. മെയ് 31ന് ഉത്തരകൊറിയയില്‍ കാലുകുത്തിയതോടെ ആ ലക്ഷ്യവും നിറവേറി. ഇതോടെ ഗിന്നസ് ബുക്കിലും ഇടംനേടിയിരിക്കുകയാണ് ഈ മിടുക്കി. കഴിഞ്ഞ മെയ് 31ന് അല്‍ഫോര്‍ഡ് ഉത്തരകൊറിയയില്‍ എത്തി.
21 വയസായിരുന്നു അപ്പോള്‍ ഇവരുടെ പ്രായം. ഇതോടെ ലോകത്തെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്ന പ്രായം കുറഞ്ഞയാളായി ലെക്സി മാറി. 2013 ല്‍ 24 വയസും 192 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിലെ ജെയിംസ് അസ്‌ക്വിത് നേടിയ ഗിന്നസ് റെക്കോര്‍ഡാണ് ലെക്‌സി അല്‍ഫോര്‍ഡ് തകര്‍ത്തിരിക്കുന്നത്.
2013 ജൂലൈ എട്ടിന് ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയില്‍ എത്തിയതോടെയാണ് 24കാരനായ ജെയിംസ് ഈ നേട്ടം സ്വന്തമാക്കിയത്. ലെക്സി ഔദ്യോഗികമായി എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞു. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് ഈ നിമിഷത്തിലെത്താന്‍ സഹായിച്ചതെന്നും അല്‍ഫോര്‍ഡ് പറഞ്ഞു. ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം അവസാനിക്കുകയാണെന്നും ഇനി പുതിയ തുടക്കമാണെന്നും ലെക്സി അല്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Discussion about this post