ഇസ്ലാമബാദ്: പാകിസ്താനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഗ്വാദറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു കാവല്‍ക്കാരന്‍ വെടിയേറ്റു മരിച്ചു.അതേസമയം സുരക്ഷാസേന മൂന്നു ഭീകരരെയും വെടിവെച്ച് കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ വിമോചന ആര്‍മി ഏറ്റെടുത്തു.
ശനിയാഴ്ച വൈകിട്ട് നാലരയോടെ മൂന്നംഗ സംഘം ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. ഇതിനിടെ ഹോട്ടലില്‍ അതിക്രമിച്ചു കടക്കാനുള്ള ശ്രമം തടഞ്ഞ കാവല്‍ക്കാരനെ ഭീകര്‍ വെടിവെക്കുകയായിരുന്നു.
പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോട്ടലില്‍ നിലവില്‍ ആക്രമണം തുടരുകയാണ്. ഹോട്ടലിലെ ഒരു നിലയിലാണ് ഭീകരര്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്.
ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നു ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയുള്ള ലാങ് പറഞ്ഞു. ജീവനക്കാര്‍ മാത്രമാണ് അകത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹോറിലെ സൂഫി പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു രാജ്യത്തെ ഞെട്ടിച്ച ആക്രമണം. കഴിഞ്ഞ 18 നു ബലൂചിസ്ഥാനിലെ ദേശീയപാതയില്‍ അര്‍ധസൈനികരുടെ വേഷത്തിലെത്തിയ അജ്ഞാതരായ തോക്കുധാരികള്‍ 14 യാത്രക്കാരെ ബസുകളില്‍ നിന്നു വലിച്ചിറക്കി വധിച്ചിരുന്നു.