കാസര്‍കോഡ്; കാസര്‍കോഡ് എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണിന്റെ ഉടമകള്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരായി. ശ്രീലങ്കന്‍ സ്ഫോടനവുമായി കാസര്‍കോഡ് സ്വദേശികള്‍കുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ.
ഞായറാഴ്ച പുലര്‍ച്ചെ എന്‍ഐഎ അന്വേഷണ സംഘം കാസര്‍കോട്ടും പാലക്കാട്ടും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇരുവരോടും തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കാസര്‍കോട് സ്വദേശികളായ നായന്മാര്‍ മൂലയിലെ അഹമ്മദ് അരാഫത്ത്, കാളിയങ്കാട്ടെ അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരായത്.
ഇവരുടെ വീടുകളില്‍ നിന്നും നിരവധി രേഖകളും രണ്ട് ഫോണുകളും സംഘം കണ്ടെത്തി. ഈ ഫോണുകള്‍ ഉപയോഗിച്ചിരുന്ന അഹമ്മദ് അരാഫത്ത്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ക്ക് സംഭവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം എന്‍ഐഎ പരിശോധിച്ച് വരികയാണ്.
ഇരുവര്‍ക്കും പ്രാഥമിക ഘട്ട അന്വേഷണത്തില്‍ ബന്ധമുള്ളതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധമുള്ള ഇവര്‍ക്ക് ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവവുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
പാലക്കാട് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അടവുമരം അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഐ എസ് അനുകൂല സംഘടനകളുമായി ഇയാള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതായും ഇത്തരം ആശയങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായും നേരത്തെ സംശയം ഉണ്ടായിരുന്നു.
Discussion about this post