ശ്രീലങ്കന്‍ സ്‌ഫോടനം; ചാവേറുകള്‍ കോട്ടയത്ത് എത്തിയെന്ന് സൂചന, തെരച്ചില്‍ ശക്തമാക്കി

റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുകയാണ്

കൊളംബോ; ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് ഭീകര സംഘടനയില്‍പ്പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന് സൂചന. ഇതേത്തുടര്‍ന്ന്‌ കോട്ടയത്തും തെരച്ചില്‍ ശക്തമാക്കി. റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരുകയാണ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി തെരച്ചില്‍ നടത്താന്‍ ഉത്തരവിട്ടത്. അന്തര്‍സംസ്ഥാന വാഹനയാത്രക്കാരെയും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വരുന്ന ചരക്കു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവരെക്കുറിച്ച് വിവരം നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോടും പാലക്കാട്ടും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് നിന്ന് സംശയാസ്പദമായ രീതിയില്‍ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതെ തുടര്‍ന്നാണ് കോട്ടയത്തും തിരച്ചില്‍ ശക്തമാക്കിയത്.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലാണ് ചാവേറാക്രമണം നടന്നത്. ഒരേ സമയം മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമായി ഉണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 359 ല്‍ കവിഞ്ഞു. ഇതില്‍ 39 പേര്‍ വിദേശികളാണ്. പരിക്കേറ്റവരില്‍ നിരവധിപേരാണ്.

Exit mobile version