ബാലറ്റ് വോട്ട് എണ്ണി തളര്‍ന്നു: ഇന്തോനേഷ്യയില്‍ 270 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തിരഞ്ഞെടുപ്പ് ജോലിയ്ക്കിടെ 270ലധികം ഉദ്യോഗസ്ഥര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കാനുണ്ടായിരുന്നത്.

ഏപ്രില്‍ 17നായിരുന്നു ഇേന്താനേഷ്യയില്‍ തെരഞ്ഞെടുപ്പ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ പ്രാദേശിക പാര്‍ലമെന്റി തെരഞ്ഞെടുപ്പുകളും അതേ ദിവസമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റദിവസ തെരഞ്ഞെടുപ്പ് എന്ന വിശേഷണത്തോടെ ഇന്തോനേഷ്യ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെയും ഭാഗമായി.

രണ്ട്കോടി 60 ലക്ഷം വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. വളരെ സമാധാനപരമായി നടന്ന പോളിംഗില്‍ 80 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. ഈ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ക്ക് അക്ഷീണപ്രയത്നം തന്നെയായിരുന്നു. ബാലറ്റ് പേപ്പര്‍ സമ്പ്രദായമായതിനാല്‍ കൈകൊണ്ട് എണ്ണുകയല്ലാതെ വേറെ മാര്‍ഗവും ഉണ്ടായിരുന്നില്ല.

Exit mobile version