ആംസ്റ്റര്‍ഡാം: വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരം നേടി അതിര്‍ത്തിയില്‍ അമ്മയ്ക്കരികില്‍ വാവിട്ട് കരയുന്ന കുഞ്ഞിന്റെ ചിത്രം. ആ കുഞ്ഞിന്റെ അമ്മയെ യുഎസ്- മെക്സിക്കന്‍ അതിര്‍ത്തിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് നിസഹായയായി കരയുന്ന കുഞ്ഞിന്റെ ചിത്രമാണ് വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരം നേടിയത്.
ഈ ഫോട്ടോ എടുത്തത് ഗെറ്റി ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ ആണ്. കഴിഞ്ഞ വര്‍ഷമാണ് അനധികൃതമായി യുഎസ്- മെക്സികോ അതിര്‍ത്തി കടക്കാന്‍ അമ്മ സാന്ദ്ര സാഞ്ചസും മകള്‍ യനേലയും ശ്രമിച്ചത്. അപ്പോഴാണ് ജോണ്‍ മൂര്‍ ഈ ചിത്രം പകര്‍ത്തിയത്. ഈ ഫോട്ടോ വളരെ വ്യത്യസ്തമായ കലാപത്തിന്റെ നേര്‍ചിത്രമാണെന്നും അത് മനഃശാസ്ത്രപരമാണെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.
അമ്മയേയും മക്കളെയും വേര്‍പിരിക്കുന്നതിനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരുടെ മറുപടി യനേലയും അമ്മയും വേര്‍പിരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ് നയത്തില്‍ മാറ്റം വരുത്തിയിരുന്നു.
മൂര്‍ ഈ ചിത്രമെടുക്കുന്നത് റിയോ ഗ്രാന്‍ഡ് താഴ്വരയില് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്സിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ്. അഭയാര്‍ത്ഥികളായി അതിര്‍ത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും തനിക്ക് കാണാന്‍ കഴിഞ്ഞത് ഭയമാണെന്നും അതിനിടെയാണ് സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങിയതെന്നും അവരെ പോലീസ് പരിശോധിക്കുന്ന സമയത്താണ് വിലപ്പെട്ട ഈ ചിത്രം ലഭിച്ചതെന്നും മൂര്‍ പറഞ്ഞു.
Discussion about this post