മകളെ മാനഭംഗപ്പെടുത്തുന്നുവെന്ന ഫോണ്‍ കോള്‍, കത്തിയെടുത്ത് സംഭവസ്ഥലത്തേക്ക്, ഒരാളെ കൊല്ലുകയും രണ്ടുപേരെ ഗുരുതരമായി ആക്രമിക്കുകയും ചെയ്ത് നോകുബോങ്ക; അറിയണം പെണ്‍സിംഹമെന്ന് ലോകം വിശേഷിപ്പിച്ച ഈ അമ്മയെപ്പറ്റി

ഒരു ദിവസം രാത്രിയാണ് മകളെ മൂന്ന് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്നുവെന്ന ഫോണ്‍കോള്‍ നോകുബോങ്കയെ തേടിയെത്തിയത്

നോകുബോങ്ക എന്ന അമ്മയെ ലോകം മുഴുവന്‍ വിശേഷിപ്പിച്ചത് പെണ്‍സിംഹമെന്ന പേരിലായിരുന്നു. തന്റെ കുഞ്ഞിനെ ഏത് ആപത്തിലും ചേര്‍ത്തുപിടിക്കുന്ന പെണ്‍സിംഹം തന്നെയാണ് നോകുബോങ്കയെ വിശേഷിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം.

ഒരു ദിവസം രാത്രിയാണ് മകളെ മൂന്ന് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്നുവെന്ന ഫോണ്‍കോള്‍ നോകുബോങ്കയെ തേടിയെത്തിയത്. ഉടന്‍ സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും മറിപടി ലഭിച്ചില്ല. തുടര്‍ന്ന് ആ രാത്രിയില്‍ ഒരു കത്തിയുമെടുത്ത് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

പേടിയുണ്ടായിരുന്നെങ്കിലും മകളുടെ ജീവന്‍ ആലോചിച്ചപ്പോള്‍ ഒന്നും ചിന്തിക്കാതെ അവര്‍ പെട്ടെന്ന് അക്രമം നടക്കുന്നിടത്തേക്ക് ഓടി. ദിശകാണിക്കാന്‍ മൊബൈലിലെ ഒരു വെളിച്ചം മാത്രമായിരുന്നു ഈ അമ്മയുടെ കൈയ്യില്‍ ആകെയുണ്ടായിരുന്നത്. ആക്രമകാരികളെ മകള്‍ തിരിച്ചറിഞ്ഞതിനാല്‍ അവളെ അവര്‍ വകവരുത്തുമെന്ന് നോകുബോങ്ക ഭയപ്പെട്ടിരുന്നു. അതിനാല്‍ നടത്തത്തിന്റെ വേഗത കൂടി. അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.

മകളെ ഒരാള്‍ മാനഭംഗപ്പെടുത്തുമ്പോള്‍ രണ്ടുപേര്‍ വിവസ്ത്രരായ അവരുടെ ഊഴം കാത്തിരിക്കുന്നു. പതറിപ്പോയ നോകുബോങ്ക നിങ്ങള്‍ എന്താണീ കാണിക്കുന്നതെന്ന് ഉച്ചത്തില്‍ ചോദിച്ചു. മകളെ രക്ഷിക്കാനായുള്ള ഈ അമ്മയുടെ പ്രത്യാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റു രണ്ടു പേര്‍ക്ക് സാരമായി പരുക്കേറ്റു.

തുടര്‍ന്ന് മകളെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കി, അപ്പോഴേക്ക് പോലീസെത്തി നോകുബോങ്കയെ അറസ്റ്റ് ചെയ്തു. അന്ന് രാജ്യന്തര തലത്തില്‍ വരെ ഈ വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു. അവരുടെ ഐഡന്റിറ്റി മറച്ചുവെക്കുന്ന സമയത്ത് ആ അമ്മയുടെയും മകളുടേയും ചിത്രത്തിന് പകരം സിംഹത്തിന്റെയും കുട്ടിയുടേയും ചിത്രമായിരുന്നു മാധ്യമങ്ങളില്‍ നിറയെ. തന്റെ കുഞ്ഞിനൊപ്പം കണ്ണില്‍ കത്തുന്ന കോപവുമായി നില്‍ക്കുന്ന പെണ്‍സിംഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

വാര്‍ത്ത അറിഞ്ഞതോടെ ധാരാളം ആളുകള്‍ ഈ അമ്മയ്ക്കായി ശബ്ദമുയര്‍ത്തി. കോടതിയില്‍ ഹാജരാക്കിയ നോകുബോങ്കയെ പിന്തുണച്ച് ധാരാളം പേര്‍ കോടതിയിലെത്തി. ഒടുവില്‍ നിയമപാലകരും ആ അമ്മയോടും മകളോടും കരുണ കാണിച്ചു. കോടതി നടപടപടികള്‍ക്ക് ശേഷം പുറത്തെത്തിയ നോകുബോങ്ക മകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചു. ഇത്തരം ആക്രമണങ്ങള്‍ ജീവിതത്തിന് അവസാനമല്ല, അതിന് ശേഷവും ജീവിതമുണ്ട് എന്ന് കാണിക്കാനായിരുന്നു അത്.

Exit mobile version