വാഷിങ്ടണ്‍: സാങ്കേതിക വിദ്യ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ക്ക് പകരം ടാബ്ലെറ്റ്സും മറ്റും ഇടം പിടിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വായന കുട്ടികള്‍ക്ക് അത്ര ഗുണം ചെയ്യില്ലയെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
തങ്ങളുടെ കുട്ടികള്‍ എന്ത് വായിക്കണം എന്ന് തീരുമാനിക്കല്‍ മാത്രമല്ല രക്ഷിതാക്കളുടെ കടമ. പകരം അവര്‍ അച്ചടി മാധ്യമങ്ങള്‍ വായിച്ചാണോ അതോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വായിച്ചാണോ വളരേണ്ടത് എന്ന് തീരുമാനിക്കുക കൂടി മാതാപിതാക്കളുടെ ചുമതലയാണ്. പുതിയ പഠന പ്രകാരം കുട്ടികളും രക്ഷിതാക്കളും തമ്മില്‍ സംവദിക്കാന്‍ ഇ-ബുക്സിനേക്കാള് മികച്ചത് അച്ചടി മാധ്യമങ്ങളാണ്.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിദ്ധീകരിക്കുന്ന പീഡിയാട്രിക്സ് എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച് നടന്ന ഗവേഷണത്തെപ്പറ്റി വിവരിക്കുന്നത്. ഇ-ബുക്സ് ഉപയോഗിക്കുന്നതിനേക്കാള്‍ കുട്ടികളുമായുള്ള ആശയവിനിമയം സാധ്യമാകുന്നത് അച്ചടി മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പുസ്തകം വായിക്കുന്ന സമയത്തുണ്ടാകുന്ന ആശയവിനിമയം കുട്ടികളുടെ ഭാഷാ വികാസത്തിനും രക്ഷിതാക്കളുമായുള്ള ബന്ധത്തിനും സഹായിക്കുന്നു. എന്നാല്‍ ഇ-ബുക്ക് ഉപയോഗിക്കുമ്പോള്‍ ഇതില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത് എന്നതാണ് ടിഫാനി മന്സറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം.
മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് അച്ചടി മാധ്യമങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുമെന്ന് ടിഫാനി മന്സര് പറയുന്നു. അച്ചടി മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയത്തില്‍ ആ പുസ്തകത്തിലെ കഥകള്‍ മാത്രമായിരിക്കില്ല സംസാരിക്കുക. ആ ഒരു കഥ മനസിലാക്കിക്കാന്‍ വേണ്ടി തങ്ങളുടെ ജീവിതത്തില്‍ നടന്ന ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യം മാതാപിതാക്കള്‍ കുട്ടിക്ക് പറഞ്ഞു കൊടുക്കും.
ഉദാഹരണത്തിന് ഒരു കഥയുടെ പകുതി വായിക്കുമ്പോള്‍ താറാവ് എന്താണ് ചെയ്യുന്നത് എന്ന് ചോദ്യം വന്നു. അപ്പോള്‍ മാതാപിതാക്കള്‍ കുട്ടിക്ക് പറഞ്ഞു കൊടുക്കും നമ്മള് അന്ന് തടാകത്തില്‍ പോയപ്പോള്‍ കണ്ടില്ലേ എന്ന്. ഇത്തരത്തില്‍ പറഞ്ഞു കൊടുക്കുമ്പോള്‍ കുട്ടിക്ക് അത് എളുപ്പം മനസിലാകുകയും കുട്ടി ആ വിഷയത്തെപ്പറ്റി കൂടുതല്‍ സംസാരിക്കുകയും ചെയ്യും. ഇത് കുട്ടിയെ പഠനത്തില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും മന്സര് പറയുന്നു.
കുട്ടികളുടെ ഉത്സാഹം, രക്ഷിതാക്കളുമായുള്ള അടുപ്പവുമൊക്കെ മെച്ചപ്പെടാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ടാബ്ലെറ്റ് ഉപയോഗിച്ചുള്ള വായനയില്‍ എങ്ങനെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശയവിനിമയം നടത്താം എന്നുള്ളതിനെപ്പറ്റി ഭാവിയില്‍ ചിന്തിക്കുമെന്ന് രചയിതാക്കള്‍ പറയുന്നു.
ഈ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അച്ചടി മാധ്യമങ്ങള്‍ ഇ-ബുക്സിനേക്കാള് കൂടുതല്‍ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കും എന്നാതാണെന്ന് പീഡിയാട്രീഷന്‍ ജെന്നി റോക്സി പറയുന്നു. പീഡിയാട്രീഷന്‍സ് ആഗ്രഹിക്കുന്നത് രക്ഷിതാക്കള്‍ തങ്ങളുടെ ചെറിയ കുട്ടികള്‍ക്കൊപ്പം അച്ചടി മാധ്യമങ്ങള്‍ വായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post