ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ടുകളഞ്ഞ നീരവ് മോദിക്കെതിരായ നടപടികള്‍ ബ്രിട്ടന് നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ നീരവ് മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം ഇന്ത്യ അവഗണിച്ചത് കൊണ്ടാണ് ബ്രിട്ടന് നടപടികള്‍ നിര്‍ത്തിവെച്ചത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓഫീസ് മൂന്ന് തവണയാണ് പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചത്. എന്നാല്‍ ഈ മൂന്ന് കത്തുകള്‍ക്കും ഇന്ത്യ മറുപടി നല്‍കിയില്ല. ഇതിന് പുറമേ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ശേഖരാണര്‍ഥം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ബ്രിട്ടന് സംഘത്തിന്റെ താല്പര്യത്തോടും ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് ബ്രിട്ടന് നീരവ് മോദിക്കെതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചത്. അതേ സമയം നാടുകടത്താനുള്ള ഇന്ത്യയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയം ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിക്ക് കൈമാറിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ലണ്ടന്‍ നഗരത്തിലൂടെ വിലസുന്ന നീരവ് മോദിയുടെ ദൃശങ്ങള്‍ യുകെ പത്രമായ ടെലഗ്രാഫ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം ‘നോ കമന്റ്സ്’ എന്ന മറുപടിയാണ് നീരവ് മോദി നല്‍കിയത്. അതേ സമയം രാഷ്ട്രീയ അഭയം ഉറപ്പുവരുത്താനും നാടുകടത്തല്‍ നടപടി റദ്ദാക്കാനുമായി നീരവ് മോദി നിയമജ്ഞരുടെ സഹായം തേടിയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Discussion about this post