ഇസ്ലാമാബാദ്: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാക്കോട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച് പാകിസ്താന് സൈന്യം. പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് സംഘത്തെ പാക് സേന തടഞ്ഞു. മദ്രസയും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്ന മലമുകളിലേക്കുള്ള പ്രവേശനമാണു പാകിസ്താന് സേന വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് അവര്‍ അറിയിച്ചു. 100 മീറ്റര്‍ താഴെ റോഡില്‍ നിന്നു മദ്രസ ഉള്‍പ്പെടുന്ന പൈന്മരക്കാട് കാണാനേ സംഘത്തിനു കഴിഞ്ഞുള്ളൂ. 9 ദിവസത്തിനിടെ ഇതു മൂന്നാംതവണയാണു മാധ്യമസംഘത്തെ വിലക്കുന്നത്.
ഈ പ്രദേശത്തെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പുല്‍വാമ ഭീകരാക്രണത്തിനു തിരിച്ചടിയായി കഴിഞ്ഞ 26 ന് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ് നടത്തിയിരുന്ന മദ്രസ കഴിഞ്ഞ ജൂണ്‍ വരെ പ്രവര്‍ത്തിച്ചിരുന്നെന്നും പിന്നീട് സജീവമല്ലായിരുന്നെന്നും ഗ്രാമവാസികള്‍ റോയിറ്റേഴ്സ് സംഘത്തെ നേരത്തെ അറിയിച്ചിരുന്നു. പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോര്‍ഡ് പിന്നീട് എടുത്തു മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയുടെ വ്യോമാക്രണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണു പാകിസ്താന്റെ നിലപാട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി രാജ്യാന്തര വാര്‍ത്താ സംഘത്തെ ബലാക്കോട്ട് കൊണ്ടുപോകുമെന്നു പാകിസ്താന് 2 തവണ വാഗ്ദാനം ചെയ്തെങ്കിലും അവസാനനിമിഷം ചുവടു മാറ്റി. കാലാവസ്ഥ അനുകൂലമല്ലെന്നു പറഞ്ഞാണു യാത്ര മുടക്കിയത്. സ്വന്തം നിലയ്ക്ക് അവിടെ എത്തിയവരെ തടയുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യയുടെ വ്യോമാക്രമണത്തെ സ്ഥിരീകരിക്കുന്നതായാണ് സൂചന.
Discussion about this post