ലാഹോര്‍: ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പാകിസ്താന്‍ പുറത്താക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗമായ ഫയാസ്സുല്‍ ഹസ്സന്‍ ചൊഹാനെയാണ് പുറത്താക്കിയത്. നേരത്തെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ചൊഹാന്‍ മാപ്പ് പറഞ്ഞിരുന്നു.
ചൊഹാന്റെ രാജി സ്വീകരിച്ചതായി പാര്‍ട്ടി ഔദ്യോഗികമായി വ്യക്തമാക്കി. ഹിന്ദു വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ പഞ്ചാബ് മന്ത്രി ചൊഹാനെ എല്ലാ ചുമതലയില്‍ നിന്നും നീക്കിയെന്നും ഒരാളുടെ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും അംഗീകരിക്കാനാകില്ല. സഹിഷ്ണുത എന്ന തൂണിന്മേലാണ് പാകിസ്താന്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി വിശദമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ചൊഹാന്റെ വിവാദപരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ ‘ഗോമൂത്രം കുടിക്കുന്നവര്‍’ എന്നാണ് ചൊഹാന്‍ വിശേഷിപ്പിച്ചത്. ഞങ്ങളെക്കാള്‍ മികച്ചവരാണ് നിങ്ങളെന്ന ധാരണ വേണ്ടെന്നും. ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കില്ല, വിഗ്രഹത്തെ ആരാധിക്കുന്നവരേയെന്നും ഹിന്ദുക്കളെ പരാമര്‍ശിച്ച് ചൊഹാന്‍ പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് പല ഭാഗത്ത് നിന്ന് ഉയര്‍ന്നത്. ചൊഹാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലും ക്യാംപെയിനും സജീവമായിരുന്നു. ജയ്‌ഷെ തലവന്‍ മസൂദ് അസര്‍ മരിച്ചിട്ടില്ലെന്നും നേരത്തെ ചൊഹാന്‍ പറഞ്ഞിരുന്നു.