ഇസ്ലാമാബാദ്: ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുളളുവെന്ന് വ്യക്തമാക്കി പാകിസ്താന് സൈനിക വക്താവ്. വിങ് കമാന്‍ഡര്‍ അഭിനന്ദനാണ് കസ്റ്റഡിയിലുളളതെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം പരിഗണന നല്‍കുന്നുണ്ടെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ പറയുന്നു. രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അവകാശപ്പെട്ടത്.
അതേസമയം പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചിരിക്കുകയാണ്. ശത്രുസൈന്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന സൈനികന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിടുന്നത് ജനീവ കരാറിന്റെ ലംഘനമാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്നെ ഇന്ത്യന്‍ സൈനികന്റെ വീഡിയോയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം ഇന്ത്യയും അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാന്‍ ഇടയുണ്ട്.
യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തില്‍ വിമാനം തകര്‍ന്ന് കസ്റ്റഡിയില്‍ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കില്‍ വേണ്ട പരിചരണം നല്‍കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാന് നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ പൈലറ്റിനെ രക്ഷിക്കാന്‍ എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും സോഷ്യല്‍മീഡിയയില്‍ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.’ബ്രിംഗ് ബാക്ക് അഭിനന്ദന്’ എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിനും ആരംഭിച്ചു.
സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പാകിസ്താന് നടത്തിയ വ്യോമാക്രമണ നീക്കം പരാജയപ്പെടുത്തി ഇന്ത്യ. പാക് വിമാനങ്ങള്‍ തടയുന്നതിനിടെ ഒരു ഇന്ത്യന്‍ പോര് വിമാനം തകര്‍ന്നതായും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രണ്ട് പൈലറ്റുമാരെ പിടികൂടിയെന്ന് പാക്കിസ്ഥാന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമാക്രമണത്തിന് തുനിഞ്ഞ ഒരു പാക് വിമാനം ഇന്ത്യ വീഴ്ത്തി.
പാക്കിസ്ഥാന്റെ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. നൗഷേര മേഖലയില്‍ പാക്കിസ്ഥാന് മൂന്ന് പോര് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്ന് വന്നതായും ഇന്ത്യ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. പാക്കിസ്ഥാന് ബോംബ് വര്‍ഷിച്ചതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിടുകയും ചെയ്തു.
ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും ഒന്ന് ഇന്ത്യയിലും മറ്റൊന്ന് പാക് അധിനിവേശ കശ്മീരിലും തകര്‍ന്നുവീണുവെന്നും പാക്കിസ്ഥാന് തൊട്ടുപിന്നാലെ അവകാശപ്പെട്ടു. ഇന്ത്യയുടെ രണ്ട് പൈലറ്റുമാരെ പിടികൂടിയതായും പാക്കിസ്ഥാന് അവകാശപ്പെട്ടു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തവരുത്തിയത്. മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ചിരുന്ന പൈലറ്റിനെയാണ് നഷ്ടമായത്. ബാലാകോട്ട് ഭീകരകേന്ദ്രത്തില്‍ ആക്രമണത്തിന് മറുപടിയായി സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന് വ്യോമാക്രമണത്തിന് തുനിഞ്ഞെങ്കിലും ഇന്ത്യ ആ നീക്കം തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേര്‍ന്നു.
Discussion about this post