വാഷിങ്ടണ്‍: ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും ഒന്നും തടഞ്ഞുവെയ്ക്കരുതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മുന്നറിയിപ്പ്. ഗാസയിലെ ഹമാസിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിന്റെ ചില നടപടികള്‍ തിരിച്ചടി ആകുമെന്നാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത്തരം നടപടികള്‍ ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാര്‍ തിരുമാനം നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കും.
ഇസ്രയേലിനുള്ള ആഗോള പിന്തുണ നഷ്ടപ്പെടും. ഇത് ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ വിശദീകരിച്ചു.
ഹമാസിന്റെ മിന്നല്‍ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 5000ത്തിലേറെ പേര്‍ പാലസ്തീനില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. നേരത്തെ പ്രസിഡന്റ് ആയിരിക്കെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാന ഉടമ്പടിക്ക് ഒബാമ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.