കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി

Pedroz | Bignewslive

മാഡ്രിഡ് : ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി ടൈ കെട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. വെള്ള ഷര്‍ട്ട് ധരിച്ച് ടൈ കെട്ടാതെയായിരുന്നു മന്ത്രിയുടെ രംഗപ്രവേശം.

“ഞാന്‍ ടൈ ധരിക്കാത്ത കാര്യം എല്ലാവരും ശ്രദ്ധിച്ച് കാണുമല്ലോ. ഊര്‍ജം സംരക്ഷിക്കുന്നത് വെച്ച് നോക്കുകയാണെങ്കില്‍ ടൈ ധരിക്കാതെ ഇരിക്കുകയാണ് വേണ്ടത്. ഊര്‍ജം ലാഭിക്കാന്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമാണത്. അതിനാല്‍ തന്നെ എല്ലാ മന്ത്രിമാരോടും സര്‍ക്കാര്‍ ജീവനക്കാരോടും ടൈ കെട്ടുന്നത് നിര്‍ത്താന്‍ അഭ്യര്‍ഥിക്കുകയാണ്”. സാഞ്ചെസ് പറഞ്ഞു. ടൈ ഉപേക്ഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരോടും സാഞ്ചെസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌പെയിനില്‍ പല ഭാഗങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ജനങ്ങള്‍ എയര്‍ കണ്ടീഷണിംഗിനെയും മറ്റും കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതുകൊണ്ട് തന്നെ ചൂടെടുക്കാതെയിരിക്കാന്‍ ടൈ ഒഴിവാക്കി കാഷ്വല്‍ ആയി വസ്ത്രം ധരിക്കുന്നതാവും നല്ലത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതേസമയം ജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തല്ക്കാലം സര്‍ക്കാരിന് ആലോചനയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version