ജൂലൈ തുടക്കത്തില്‍ തന്നെ ഫിലിപ്പീന്‍സിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊറോണിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്തതാണ് റെയ്മണ്ടും ഭാര്യ ജൊവാനും. യാത്രയ്ക്കുള്ളതെല്ലാം റെഡിയാക്കി ഇരുവരും കാത്തിരുന്ന സമയത്താണ് അവസാന നിമിഷം ജോലി സംബന്ധമായ ടാസ്‌ക് ജൊവാനെ തേടിയെത്തുന്നത്. ഫ്രീലാന്‍സ് മോഡലായ ജൊവാന് ജോലിക്ക് ചെല്ലാതിരിക്കാന്‍ കഴിയാതെയായി.
ഭാര്യയെ കൂട്ടി ഒരു റൊമാന്റിക് ട്രിപ്പ് പ്ലാന്‍ ചെയ്ത റെയ്മണ്ടാകട്ടെ താടിക്ക് കൈകൊടുത്ത് ഇരിപ്പുമായി. പക്ഷേ അങ്ങനെ ഇരുന്നത് കൊണ്ട് കാര്യമില്ലെന്ന് കണ്ട റെയ്മണ്ട് എന്താണ് അടുത്ത വഴിയെന്ന് ആലോചിച്ചു. ജൊവാനെ ഒപ്പം കൂട്ടാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ അവളുടെ സാമീപ്യം സൃഷ്ടിക്കാമല്ലോ. ആ വഴിയ്‌ക്കൊന്നാലോചിപ്പോള്‍ ഒരു കലക്കന്‍ ഐഡിയ റെയ്മണ്ടിന് കത്തി. തമാശയ്ക്ക് ജൊവാന്റെ മീം ഫെയ്‌സ് പ്രിന്റ് ചെയ്ത ഒരു തലയിണ ഉണ്ട് കയ്യില്‍, ജൊവാന്‍ തന്നെ സമ്മാനിച്ചത്… അത് കയ്യില്‍ കരുതുക. അങ്ങനെ ആ തലയിണയുമായി റെയ്മണ്ട് കൊറോണ്‍ ഐലന്‍ഡിന്റെ മാസ്‌കമരികതയിലേക്കിറങ്ങി.
ഐലന്‍ഡിലെ ലോക്കല്‍ മാര്‍ക്കറ്റിലും ഷോപ്പിംഗ് മാളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എന്ന് വേണ്ട എവിടെയൊക്കെ പോയോ അവിടെയൊക്കെ റെയ്മണ്ട് തലയിണയെയും ഒപ്പം കരുതി. ഫ്‌ളൈറ്റിനുള്ളില്‍ വരെ തലയിണയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയും റെയ്മണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
Also read : ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്
പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് ഹിറ്റായി. ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ ഹസ്ബന്‍ഡ് എന്നാണ് റെയ്മണ്ടിന്റെ ഇപ്പോഴത്തെ വിശേഷണം. യാത്രയിലുടനീളം റെയ്മണ്ട് പങ്ക് വച്ച ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. എന്തായാലും യാത്ര കഴിഞ്ഞെത്തിയപ്പോഴേയ്ക്കും ഫിലിപ്പീന്‍സിലെ ഹീറോ ആയി മാറി റെയ്മണ്ട്. വിമാനത്താവളത്തില്‍ റെയ്മണ്ടിനെ സ്വീകരിക്കാന്‍ ജൊവാനും എത്തിയിരുന്നു..