വായില്‍ ടിന്‍ കുടുങ്ങി, സഹായത്തിനായി പ്രദേശവാസികളെ സമീപിച്ച് ധ്രുവക്കരടി : ഒടുവില്‍ രക്ഷ

Polar Bear | Bignewslive

വായില്‍ ടിന്‍ കുടുങ്ങി അവശനിലയിലായ ധ്രുവക്കരടിക്ക് ഒടുവില്‍ രക്ഷ. മൃഗശാലയില്‍ നിന്ന് പ്രത്യേക സംഘമെത്തി കരടിയുടെ വായില്‍ നിന്ന് ടിന്‍ നീക്കം ചെയ്തു.

വടക്കന്‍ റഷ്യയിലാണ് രണ്ട് വയസ്സുകാരിയായ ധ്രുവക്കരടി അബദ്ധത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കിന്റെ ടിന്‍ വിഴുങ്ങി അപകടനിലയിലായത്. ടിന്‍ കുടുങ്ങിയതോടെ ഭക്ഷണം തന്നെ കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായ കരടി സഹായത്തിനായി ജനവാസകേന്ദ്രമായ ഡിക്‌സണിലെത്തുകയും ഇതോടെ കാര്യം പുറംലോകമറിയുകയുമായിരുന്നു.

കരടിയുടെ അവസ്ഥ കണ്ട് ചിലര്‍ സഹായത്തിനെത്തിയെങ്കിലും ടിന്‍ വായുടെ ഒരുപാട് ഉള്ളിലേക്ക് ഇറങ്ങിയതിനാല്‍ ഇതെടുക്കാനായില്ല. നാക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ അവശനിലയിലായിരുന്നു കരടി. ഒടുവില്‍ ആളുകള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മോസ്‌കോ മൃഗശാലയില്‍ നിന്ന് വിദഗ്ധ സംഘമെത്തുകയായിരുന്നു. കരടിയെ മരുന്ന് കൊടുത്ത് മയക്കിയ ശേഷം ചവണയുപയോഗിച്ചാണ് ഇവര്‍ ടിന്‍ പുറത്തെടുത്തത്. ശേഷം നാവിലുണ്ടായിരുന്ന മുറിവുകളില്‍ മരുന്ന് വയ്ക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങളായി ടിന്‍ കുടുങ്ങിയിരുന്നതിനാല്‍ പട്ടിണിയിലായിരുന്ന കരടിയുടെ അടുത്ത് കുറച്ച് മീനും വെച്ചാണ് സംഘം മടങ്ങിയത്. കരടിയെ കുറച്ച് ദിവസം നിരീക്ഷിച്ച ശേഷം സ്വന്തം വാസമേഖലയിലേക്ക് തിരിച്ചു വിടുമെന്ന് മൃഗശാല ഡയറക്ടര്‍ ജനറല്‍ സ്വെറ്റ്‌ലാന അകുലോവ പറഞ്ഞു.

Also read : മാമ്പഴം വേണമെന്ന് വാശിപിടിച്ചു : അഞ്ച് വയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന് അമ്മാവന്‍, മൃതദേഹം കഴുത്തറുത്ത് ചാക്കിലാക്കി

ആര്‍ട്ടിക് ഔട്ട്‌പോസ്റ്റില്‍ ഭക്ഷണം തിരയുന്നതിനിടെ അബദ്ധത്തില്‍ ടിന്‍ വായില്‍ കുടുങ്ങിയതാവാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സാധാരണ ധ്രുവക്കരടികള്‍ ഒരു സഹായത്തിനും മനുഷ്യരെ സമീപിക്കാറില്ലെന്നും അത്രയും നിസ്സഹായാവസ്ഥിലായിരുന്നതിനാലാണ് കരടി ജനവാസമേഖലയിലേക്കെത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version