ദേഹമാസകലം ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷനുകള്‍ നടത്തിയതിനാല്‍ ജോലി തരുന്നതിന് ആളുകള്‍ മടിയ്ക്കുന്നുവെന്ന് ഫ്രഞ്ച് യുവാവ്. ബ്ലാക്ക് ഏലിയനെന്നറിയപ്പെടുന്ന ആന്റണി ലോഫ്രഡോ ആണ് തന്റെ ദുരവസ്ഥ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഡാര്‍ക്ക് ടാറ്റൂ ആരാധകനായ ആന്റണിക്ക് കൃഷ്ണമണിയിലടക്കം ശരീരം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന രീതിയില്‍ ടാറ്റൂ ഉണ്ട്. ഇത് കൂടാതെ ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി തലയില്‍ ഇംപ്ലാന്റുകളും ചെയ്തിട്ടുണ്ട് ആന്റണി. രണ്ട് വിരലുകളും മൂക്കിന്റെ മുന്‍ഭാഗവും ഇരു ചെവികളും ശരീരം മോഡിഫൈ ചെയ്യുന്നതിന്റെ ഭാഗമായി ആന്റണി നീക്കം ചെയ്തു. നാക്ക് നടുവിലൂടെ രണ്ടായി മുറിച്ചിട്ടുമുണ്ട്.
തന്റെ രൂപം ആളുകള്‍ നെഗറ്റീവ് രീതിയിലാണെപ്പോഴും എടുക്കാറെന്നാണ് ആന്റണി പറയുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് ആളുകളുടെ വിചാരമെന്നും തന്നെക്കാണുമ്പോള്‍ ഓടിയൊളിക്കുന്നവര്‍ ഒരുപാടുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ക്കുന്നു.
“എല്ലാ ദിവസവും ശരിക്കും പറഞ്ഞാല്‍ ഒരു പോരാട്ടമാണ്. ഓരോ ദിവസവും പുതിയ ഒരാളെയെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടതായി വരും. എല്ലാവര്‍ക്കും എല്ലാം മനസ്സിലായിക്കൊള്ളണമെന്നില്ല, പക്ഷേ അതിന്റെ പേരില്‍ ഒരാളെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യുന്നു എന്നത് വെച്ച് നോക്കുകയാണെങ്കില്‍ സന്തോഷിക്കാം, പക്ഷേ അതിനൊരു കറുത്ത വശവുമുണ്ട്. ഈ രൂപത്തിന്റെ പേരില്‍ ആരും ജോലി തരാന്‍ പോലും തയ്യാറല്ല”.
Also read : ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി
“രാത്രിയില്‍ നടക്കാനിറങ്ങുമ്പോള്‍ ഞാന്‍ ആളുകളില്‍ നിന്ന് പരമാവധി അകന്നാണ് നടക്കാറ്. മുതിര്‍ന്ന ആളുകളാണെങ്കില്‍ ഞാന്‍ റോഡിന്റെ മറുവശത്ത് കൂടി നടക്കും. കുട്ടികളുടെ അടുത്തും വളരെയധികം ശ്രദ്ധിക്കാറുണ്ട്. എനിക്കറിയാം എന്നെ കണ്ടാല്‍ ആളുകള്‍ പേടിക്കുമെന്ന്. പക്ഷേ അതുകൊണ്ട് ഞാന്‍ മനുഷ്യനല്ലാതാവുന്നില്ല”. ആന്റണി പറയുന്നു..