യോഗ്യതയെഴുതിയ പ്ലാക്കാര്‍ഡുമേന്തി വെയിലത്ത് നിന്നത് ഒന്നരമണിക്കൂര്‍ : ജോലി വാഗ്ദാനം ചെയ്ത്‌ 50 കമ്പനികള്‍

Isaac | Bignewslive

കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലി കിട്ടാത്തതാണ് നമ്മുടെ നാട്ടില്‍ യുവജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഠിച്ചിറങ്ങുമ്പോള്‍ മുതല്‍ ജോലി കിട്ടാതെ കമ്പനികള്‍ കയറിയിറങ്ങുന്ന ഒരുപാടാളുകള്‍ നമുക്കിടയിലുണ്ട്.. ഇത്തരത്തില്‍ ജോലി കിട്ടാതെ അലഞ്ഞ ഒരു യുവാവ് കമ്പനികളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

ജോലി കിട്ടാനായി തന്റെ യോഗ്യതകളെഴുതിയ പ്ലാക്കാര്‍ഡുമേന്തി വഴിയോരത്ത് നില്‍പ്പുറപ്പിക്കുകയാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാന സ്വദേശിയായ ഐസക് ഖ്വാമേ അഡ്ഡെ എന്ന യുവാവ് ചെയ്തത്. വിദ്യാഭ്യാസ യോഗ്യതയും ഫോണ്‍നമ്പരുമെഴുതി ഒന്നരമണിക്കൂറോളം ഐസക് പ്ലാക്കാര്‍ഡുമേന്തി നിന്നു. മറൈന്‍ സയന്‍സില്‍ ബിരുദധാരിയാണെന്നും ഒരു ജോലി വേണ്ടമെന്നുമാണ് ഐസക് പ്ലാക്കാര്‍ഡിലെഴുതിയത്. ജോലി ഒഴിവുണ്ടെങ്കില്‍ വിളിക്കണമെന്നറിയിച്ച് ഫോണ്‍ നമ്പറും കൊടുത്തു.

ഇതിന്റെ ചിത്രം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെ സമ്മിശ്രപ്രതികരണവുമായി ആളുകള്‍ രംഗത്തെത്തി. ഐകഖിന്റെ നിസ്സഹായാവസ്ഥ കണ്ട് ഭൂരിഭാഗം ആളുകളും സഹതപിച്ചപ്പോള്‍ കളിയാക്കലുകളുമായും ആളുകളെത്തി. എങ്കിലും അതിനോടകം വ്യാപകമായി ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെ ഐസക്കിന്റെ നില്‍പിന് ഫലമുണ്ടായി. 50ഓളം കമ്പനികളില്‍ നിന്നാണ് യുവാവിന് ജോലി വാഗ്ദാനമെത്തിയത്.

Also read : അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചു : 10 മാസം പ്രായമുള്ള കുഞ്ഞിന് ആശ്രിതനിയമനം നല്‍കി റെയില്‍വേ

പ്ലാക്കാര്‍ഡുമേന്തി ആദ്യം നിന്ന സ്ഥലത്ത് നിന്ന് കളിയാക്കലുകള്‍ ഏറി നേരിടേണ്ടി വന്നതോടെ ഐസക് മറ്റൊരു സ്ഥലത്തേക്ക് മാറി നില്‍പ്പുറപ്പിച്ചിരുന്നു. ഇവിടെയുള്ള ആളുകളില്‍ നിന്ന് ലഭിച്ച പിന്തുണയാണ് അത്രയും നേരം വെയിലത്ത് നില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഐസക് പറയുന്നു. പ്ലാക്കാര്‍ഡുമേന്തി നില്‍ക്കുന്ന ആ നില്‍പില്‍ കമ്പനികള്‍ വീണു എന്നും സായുധസേനയില്‍ ഐസകിന് ഭാവി കാണുന്നു എന്നുമൊക്കെയാണ് ഐസകിന്റെ ഫോട്ടോയ്ക്ക് താഴെ ആളുകള്‍ കുറിയ്ക്കുന്നത്. എന്തായാലും ഒന്നരമണിക്കൂറോളം പൊരിവെയിലത്ത് നിന്നതിന് പ്രയോജനം കണ്ടതില്‍ ഏറെ സന്തുഷ്ടനാണ് ഐസക്.

Exit mobile version