ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആന ട്രിസിയ ചരിഞ്ഞു

Tricia | Bignewslive

സിഡ്‌നി : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായിരുന്ന ട്രിസിയ ചെരിഞ്ഞു. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ഇന്നലെയായിരുന്നു അന്ത്യം. പ്രായാധിക്യമായ അസുഖങ്ങളാണ് മരണകാരണം.

പ്രായം കൂടിയതിനാല്‍ കുറച്ച് കാലമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു 65കാരിയായ ആന. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ഉറക്കക്കുറവും ചലന പ്രശ്‌നങ്ങളും ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പെര്‍ത്ത് മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്നു ട്രിസിയ. 1963ല്‍ വിയറ്റ്‌നാമില്‍ നിന്നാണ് ഏഷ്യന്‍ ആനകളുടെ കുടുംബത്തില്‍പ്പെട്ട ട്രിസിയയെ ഇവിടെയെത്തിക്കുന്നത്. ജനപ്രീതി കാരണം ഓസ്‌ട്രേലിയന്‍ ഐക്കണ്‍ എന്നായിരുന്നു ആനയെ വിശേഷിപ്പിച്ചിരുന്നത്.

ട്രിസിയയോടുള്ള ബഹുമാനാര്‍ഥം മൃഗശാല അധികൃതര്‍ ആനയുടെ പേരില്‍ ഫണ്ട് സ്ഥാപിച്ചിട്ടുണ്ട്. ട്രിസിയയെ സ്‌നേഹിക്കുന്നവര്‍ ആനയ്ക്ക് അനുശോചനമറിയിച്ച് പൂക്കള്‍ അയയ്ക്കുന്നതിന് പകരം ഫണ്ടിലേക്ക് പണമയച്ച് സഹായിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Also read : കൊടുങ്കാറ്റിന് പിന്നാലെ ആകാശം പച്ചയായി : അമ്പരന്ന് പ്രദേശവാസികള്‍

മൃഗശാലയിലുള്ള 1500ഓളം വരുന്ന മറ്റ് മൃഗങ്ങളുടെ ക്ഷേമത്തിനായി ഫണ്ട് വിനിയോഗിക്കാനാണ് തീരുമാനം. മൃഗശാലയിലെ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള തുകയുടെ പകുതിയും ഇനി ഈ ഫണ്ടിലേക്ക് പോകും.

Exit mobile version