അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ നാപാം ബോംബ് കരിനിഴല്‍ വീഴ്ത്തിയ അനേകം ജീവിതങ്ങളിലൊന്നായിരുന്നു കിം ഫൂക്ക് ഫാന്‍ ടിയുടേത്. വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അമേരിക്കയുടെ കനത്ത ബോംബുകളിലൊന്ന് പതിഞ്ഞപ്പോള്‍ അലറിക്കരഞ്ഞ് ഓടിയ കിമ്മിന്റെ ചിത്രം ലോകമനസ്സാക്ഷിയുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.
അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ബോംബ് ശരീരത്തിനുണ്ടാക്കിയ മുറിവുകളെല്ലാം ഉണക്കി ചികിത്സകളോട് വിട പറഞ്ഞിരിക്കുകയാണ് കിം. കഴിഞ്ഞ ദിവസം തന്റെ അമ്പത്തിയൊമ്പതാമത്തെ വയസ്സില്‍ അവസാന ത്വക്ക് ശസ്ത്രക്രിയയ്ക്ക് കിം അമേരിക്കയില്‍ വിധേയയായി. യുദ്ധത്തിനിടയില്‍ 1972ലാണ് അന്ന് ഒമ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കിമ്മിന് പൊള്ളലേല്‍ക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒട്ടനവധി ചികിത്സകള്‍ക്കും അവര്‍ക്ക് വിധേയയാകേണ്ടി വന്നു. ആ കാലഘട്ടത്തിലെ ഓരോ ദിവസം വേദന മാത്രമാണ് കിമ്മിന് നല്‍കിയത്.
1992ല്‍ വിയറ്റ്നാം വിട്ട് കിമ്മും ഭര്‍ത്താവും കാനഡയിലേക്ക് കുടിയേറി. 2015ല്‍ മിയാമിയിലെ ത്വക്ക് രോഗ വിദഗ്ധന്‍ ഡോ.ജില് സ്വാബേയെ പരിചയപ്പെടാനിടയായതാണ് കിമ്മിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കിമ്മിന്റെ കഥയറിഞ്ഞതോടെ ചികിത്സ പൂര്‍ണമായി നടത്തിത്തരാമെന്ന് ഡോക്ടര്‍ ഉറപ്പ് നല്കി. അങ്ങനെ തുടങ്ങിയ ചികിത്സയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.
പൊള്ളലേറ്റ് അലറിക്കരഞ്ഞ് ഓടുന്ന കിമ്മിന്റെ ഫോട്ടോ പകര്‍ത്തിയത് അസോസിയേറ്റ് പ്രസ്സിന്റെ ജേണലിസ്റ്റ് നിക്ക് ഉട്ട് ആയിരുന്നു. ലോകജനതയുടെ നെഞ്ചിലേക്ക് ഓടിക്കയറിയ ചിത്രം നിക്കിനെ പുലിസ്റ്റര്‍ പുരസ്കാരത്തിന് അര്‍ഹനാക്കുകയും ചെയ്തു. അവസാനവട്ട ചികിത്സ പൂര്‍ത്തിയാക്കി കിം ആശുപത്രി വിടുന്ന ചിത്രം പകര്‍ത്താനും നിക്ക് ഒപ്പമുണ്ടായിരുന്നു. ഇത്തവണ പക്ഷേ കിം ക്യാമറയ്ക്ക് മുന്നിലെത്തിയത് നിറഞ്ഞ പുഞ്ചിരിയോടെയാണെന്ന് മാത്രം.
ഗ്രാമത്തില്‍ ബോംബ് വീണ നിമിഷം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നുണ്ട് കിം. ശരീരത്തിനേറ്റ മുറിവിനോളം തന്നെ മനസ്സിനും വേദനയുണ്ടായിട്ടുണ്ടെന്നും ജീവിതത്തിലൊരിക്കലും അത് തന്നെ വിട്ട് പോകില്ലെന്നും കിം പറയുന്നു. “വീട്ട് മുറ്റത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് വിയറ്റ്നാം സൈനികര്‍ ഓടി രക്ഷപെടാനാവശ്യപ്പെടുന്നത്. മുകളിലേക്ക് നോക്കിയപ്പോള്‍ വിമാനത്തില്‍ നിന്നും നാല് ബോംബുകള്‍ താഴേക്ക് വീഴുന്നത് കണ്ടു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ദേഹമാസകലം അതികഠിനമായ പൊള്ളലാണ് അനുഭവപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഗ്രാമവഴിയില്‍ കൂടി ഓടി. പൊള്ളലേറ്റ് മുഖം വികൃതമാകുമല്ലോ ആളുകള്‍ അകറ്റി നിര്‍ത്താന്‍ തുടങ്ങുമല്ലോ എന്നൊക്കെയായിരുന്നു തോന്നല്‍. എന്നാല്‍ ചികിത്സയിലൂടെ കുറേയൊക്കെ ഭേദമാക്കാനായി. സംഭവം നടന്ന് കുറേക്കഴിഞ്ഞാണ് എഴുന്നേറ്റ് നടക്കാനൊക്കെ സാധിക്കുന്നത്. എല്ലാ വരുത്തി വച്ച അമേരിക്ക തന്നെ ചികിത്സയും നടത്തിയത് യാദൃശ്ചികമാവാം..” കിം കൂട്ടിച്ചേര്‍ത്തു.
Discussion about this post