നമ്മുടെ നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമൊക്കെയായി കുറച്ചധികം വെള്ളപ്പൊക്കങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍. നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കില്‍ പോലും പ്രളയം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്ന് ഇപ്പോള്‍ നമുക്കേറെക്കുറേ ധാരണയുണ്ട്.
ബിഹാര്‍, ആസാം പോലുള്ള സംസ്ഥാനങ്ങളെ പ്രളയം കാര്യമായി ബാധിക്കുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഈ പ്രദേശങ്ങളുടെ ഭൂഘടനയാണ്. ഇത്തരത്തില്‍ പ്രളയം പെട്ടന്ന് ബാധിക്കുന്ന സ്ഥലങ്ങള്‍ക്കായി പ്രത്യേക രീതിയില്‍ നിര്‍മിച്ച വീടുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാനിലെ ഹൗസിങ് ഡെവലപ്‌മെന്റ് കമ്പനിയായ ഇഷിഗോ കോമുറ്റന്‍. ഒഴുകി നടക്കുന്ന വാട്ടര്‍പ്രൂഫ് വീടുകളാണ് കമ്പനി വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായി നിര്‍മിച്ചിരിക്കുന്നത്. പ്രളയമുണ്ടായാല്‍ വെള്ളം കൂടുന്നതിനനുസരിച്ച് വീട് ഒഴുകാന്‍ തുടങ്ങും.
കാഴ്ചയ്ക്ക് സാധാരണ വീടുകളുടെ ലുക്ക് ഉള്ള വീടിനെ അഞ്ച് മീറ്റര്‍ വരെ പൊങ്ങാന്‍ കഴിയുന്ന തരത്തില്‍ ഒരു കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളം പൊങ്ങുന്നതിനനുസരിച്ച് വീട് ഉയരുകയും താഴുന്നതിനനുസരിച്ച് വീട് തനിയെ താഴെയെത്തുകയും ചെയ്യും. ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് അടിവശം തയ്യാറാക്കിയിരിക്കുന്ന വീട് വാട്ടര്‍ പ്രൂഫായതിനാല്‍ വെള്ളം കൊണ്ടുള്ള കേടുപാടുകളും ഉണ്ടാകില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ഒഴിവാക്കാനായി ഇലക്ട്രിക് സാമഗ്രികളെല്ലാം വീടിന്റെ മുകള്‍വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്.
Also read : ഓസ്‌ട്രേലിയയില്‍ തേനീച്ചകള്‍ക്ക് ലോക്ക്ഡൗണ്‍
വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കാന്‍ ഇത്തരം വീടുകള്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. പൊതുജനങ്ങള്‍ക്ക് വീടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദീകരണവും കമ്പനി നല്‍കിയിട്ടുണ്ട്.
Discussion about this post