നല്ല ഉറക്കം തരാന്‍ ഒരു തലയിണയ്ക്ക് സാധിക്കും എന്ന് പറയാറുണ്ട്. തലയിണയുടെ ഉയരം കൂട്ടിയും കുറച്ചുമൊക്കെ ഉറക്കം നേരെയാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. ഇവിടെയിതാ വില കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്ന തരത്തില്‍ തലയിണ ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഒരു നെതര്‍ലാന്‍ഡ് സ്വദേശി. 45 ലക്ഷം രൂപയാണ് ഈ തലയിണയുടെ വില. ലോകത്തിലെ ഏറ്റവും വിലകൂടിയ തലയിണയും ഇത് തന്നെ.
ഡച്ച് സെര്‍വിക്കല്‍ സ്‌പെഷ്യലിസ്റ്റായ തിജ്‌സ് വാന്‍ ഡെര്‍ ഹിസ്റ്റ് ആണ് തലയിണയുടെ ഡിസൈനര്‍. റിപ്പോര്‍ട്ടുകളനുസരിച്ച് ഈ ടെയ്‌ലര്‍മെയ്ഡ് പില്ലോ എന്ന് പേരിട്ടിരിക്കുന്ന ഈ തലയിണ നിര്‍മിക്കാന്‍ ഹില്‍സ്റ്റ് പതിനഞ്ച് വര്‍ഷമെടുത്തു. 24 കാരറ്റ് സ്വര്‍ണത്തിന്റെ കവറാണ് തലയിണയ്ക്കുള്ളത്. സുരക്ഷിതവും ആരോഗ്യകരവുമായ ഉറക്കം പ്രദാനം ചെയ്യുന്നതിനായി എല്ലാ വൈദ്യുതകാന്തിക വികിരണങ്ങളെയും തടയാന്‍ തക്ക രീതിയിലാണ് കവറിന്റെ നിര്‍മാണം. കവറിന്റെ സിപ്പറില്‍ 22.5 കാരറ്റ് ഇന്ദ്രനീലവും നാല് വജ്രങ്ങളും പതിച്ചിട്ടുണ്ട്.
ഈജിപ്ഷ്യന്‍ കോട്ടണ്‍, മള്‍ബറി സില്‍ക്ക് എന്നിവ കൊണ്ടാണ് തലയിണ നിര്‍മിച്ചിരിക്കുന്നത്. വിഷരഹിതമായ ഡച്ച് മെമ്മറി ഫോമാണ് ഉള്ള് നിറയെ. ഉറക്കം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് തലയിണ എന്നാണ് ഹില്‍സ്റ്റ് അവകാശപ്പെടുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തലയിണ കസ്റ്റമൈസ് ചെയ്യാം. ആളുകളുടെ ശരീരത്തിന്റെ അളവുകള്‍ തിട്ടപ്പെടുത്തിയാണ് തലയിണ ഡിസൈന്‍ ചെയ്യുക.
Discussion about this post