‘വര്‍ഷങ്ങള്‍ പോകുവതറിയാതെ…’ : നാല്പ്പത് വര്‍ഷമായി ഒരേ സ്ഥലത്ത് ഒരേ പോസില്‍ ഫോട്ടോ എടുക്കുന്ന അഞ്ചംഗ സുഹൃദ്‌സംഘം

ചില സുഹൃത് ബന്ധങ്ങള്‍ എങ്ങനെയാണ് നമ്മെ തേടിയെത്തിയതെന്ന് നാം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കണ്ട് അത് തന്നെയല്ലേ ഇത് എന്ന് ചോദിക്കുന്ന, നോട്ടത്തിലോ ചിരിയിലോ മൗനത്തിലോ പോലും വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്ന, അത്രയും കെട്ടുറപ്പുള്ള ചില ബന്ധങ്ങള്‍.

ഇങ്ങനെ നാല്പ്പത് വര്‍ഷമായി ഒരേ സുഹൃദ്ബന്ധം കാത്ത് സൂക്ഷിക്കുന്ന അഞ്ച് സുഹൃത്തുക്കളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയം കീഴടക്കുന്നത്. ജോണ്‍ വാര്‍ഡ്‌ലോ, മാര്‍ക്ക് ക്ലിയറി, ഡല്ലാസ് ബര്‍ണി, ജോണ്‍ മോളൊണി, ജോണ്‍ ഡിക്‌സണ്‍ എന്നിവരാണ് ആ അഞ്ച് സുഹൃത്തുക്കള്‍. തങ്ങളുടെ ബന്ധത്തിന്റെ ഓര്‍മയ്ക്കായി ഒരേ സ്ഥലത്ത് ഒരേ പോസിലുള്ള ഫോട്ടോ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇവരെടുക്കും. ഇങ്ങനെ പലപ്പോഴായി എടുത്ത ഒമ്പതോളം ഫോട്ടോകളാണ് സുഹൃദ്‌സംഘത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം.

1982ലാണ് ഇവര്‍ കാലിഫോര്‍ണിയ-ഒറിഗണ്‍ അതിര്‍ത്തിയിലുള്ള കോപ്‌കോ തടാകത്തിനടുത്ത് വെച്ച് ആദ്യ ചിത്രം ക്ലിക്ക് ചെയ്യുന്നത്. ആദ്യമായി കണ്ടുമുട്ടിയതിന്റെ ഓര്‍മയ്ക്കായി എടുത്ത ഈ ചിത്രം പിന്നീട് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇവര്‍ റീക്രിയേറ്റ് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ 1987,1992, 1997, 2002, 2007, 2012, 2017 വര്‍ഷങ്ങളിലെടുത്ത ചിത്രങ്ങള്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിട്ടുണ്ട്. ഈ ഫോട്ടോകളിലൂടെ കടന്ന് പോയാല്‍ നാല്പ്പത് വര്‍ഷം കൊണ്ട് ഓരോത്തര്‍ക്കുമുണ്ടായ മാറ്റങ്ങള്‍ കൃത്യമായി എടുത്ത് പറയാം. മാറ്റമില്ലാതെ തുടരുന്നത് ഇവരുടെ ബന്ധത്തിന് മാത്രവും.

2017ല്‍ ഇവരെടുത്ത ചിത്രം സിഎന്‍എന്‍ പബ്ലിഷ് ചെയ്തതോടെയാണ് സുഹൃദ്ബന്ധത്തിന്റെ കഥ ലോകമറിയുന്നത്. അന്ന് കൂട്ടത്തിലൊരാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നതിനാല്‍ ഇവരുടെ അവസാനത്തെ ചിത്രമാവും ഇതെന്ന് കുറേപ്പേരെങ്കിലും ഭയന്നിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തി ഈ വര്‍ഷവും അഞ്ചംഗസംഘം ഫോട്ടോ എടുത്തു. ആര് വിട്ടുപോയാലും ആ സ്ഥലവും ഓര്‍മകളും അവിടെത്തന്നെയുണ്ടാകുമെന്നും ആര്‍ക്കും ആരെയും പകരം വയ്ക്കാനാവില്ലെന്നുമാണ് സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നത്.

Exit mobile version