ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ നിര്‍ദേശിച്ച് പാക് ഭരണകൂടം. ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രമായി ചായ ഒതുക്കണമെന്നും തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധികബാധ്യതയായിരിക്കുകയാണെന്നും ആസൂത്രണ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ ജനങ്ങളോട് നിര്‍ദേശിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം മാത്രം 600 മില്യണ്‍ ഡോളറിന്റെ (4680 കോടി രൂപ) ചായപ്പൊടിയാണ് രാജ്യം ഇറക്കുമതി ചെയ്തതെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് ചായകുടി കുറച്ച് അനാവശ്യ ചിലവ് കുറയ്ക്കാമെന്ന നിര്‍ദേശമുയര്‍ന്നിരിക്കുന്നത്. നിലവില്‍ കടമെടുത്താണ് തേയില ഇറക്കുമതി ചെയ്യുന്നതെന്നാണ് മന്ത്രിയുടെ അറിയിപ്പ്.
സാമ്പത്തിക പ്രതിസന്ധി മൂലം നിലവില്‍ പാചകവാതകമടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ് രാജ്യത്ത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 16 ബില്യണ്‍ ഡോളറായിരുന്ന വിദേശ നാണ്യശേഖരം ഈ മാസമാദ്യം 10 ബില്യണായി കുറഞ്ഞു. അടിയന്താരവശ്യമുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ മാത്രമേ നിലവിലെ ശേഖരം തികയൂ. രണ്ട് മാസം മുഴുവന്‍ ഇറക്കുമതി നടത്തിയാല്‍ നാണ്യശേഖരം കാലിയാകും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജിയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.