വീട്ടിലെ സ്ഥിരാംഗം, ക്ഷണിക്കപ്പെടാത്ത അതിഥി എന്നിങ്ങനെ ഏത് കാറ്റഗറിയിലും പെടുത്താവുന്ന ഒരു വിഭാഗമാണ് പാറ്റകള്‍. ഒട്ടുമിക്ക എല്ലാവരുടെയും തന്നെ വീട്ടില്‍ ഏതെങ്കിലുമൊരു മൂലയിലെ സ്ഥിരം കാഴ്ചയാണ് ഇവ. പാറ്റയെ പൂര്‍ണമായും തുരത്താനുള്ള വഴികളില്‍ ആളുകള്‍ കൂടുതല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് അമേരിക്കയിലെ ഒരു കീടനിയന്ത്രണ കമ്പനി ഒരു വ്യത്യസ്ത ഓഫറുമായി എത്തിയിരിക്കുന്നത്.
100 പാറ്റകളെ വീട്ടില്‍ വളര്‍ത്താനനുവദിക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. ഇതിന് പകരം 2000 ഡോളര്‍(ഏകദേശം 1.5 ലക്ഷം രൂപ) പ്രതിഫലം കമ്പനി നല്‍കും. പാറ്റകളെ വളര്‍ത്താന്‍ തയ്യാറായിട്ടുള്ള അഞ്ചോ ആറോ വീട്ടുടമസ്ഥരെയാണ് ആവശ്യം എന്നാണ് കമ്പനി പരസ്യത്തില്‍ അറിയിച്ചിരിക്കുന്നത്. ഇവയെ തുരത്താനുള്ള വഴികള്‍ പരീക്ഷിക്കുകയാണ് ഉദ്ദേശം. തിരഞ്ഞെടുക്കപ്പെടുന്ന വീടുകളില്‍ ഇവര്‍ പാറ്റയെ തുറന്ന് വിട്ട് ഇവയ്‌ക്കെതിരെ വിവിധ രീതികള്‍ പ്രയോഗിക്കും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ട്രയല്‍. ‘ദി പെറ്റ് ഇന്‍ഫോമര്‍’ എന്ന വെബ്‌സൈറ്റിലാണ് കമ്പനി പരസ്യം ചെയ്തത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സംഗതി വൈറലായി.
A North Carolina company is looking to release about 100 cockroaches into homes to study a treatment method, paying homeowners in exchange for their participation. https://t.co/ImBQMZ2Fea
— NBC News (@NBCNews) June 13, 2022
അപേക്ഷ നല്‍കുന്നയാളുകള്‍ക്ക് ചില മാനദണ്ഡങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സ്വന്തമായി വീടുണ്ടാകണം, അല്ലെങ്കില്‍ വീട്ടുടമസ്ഥന്റെ അനുമതി എന്നിവയാണ് ഇവയില്‍ ചിലത്. ഒരു മാസത്തെ കാലയളവില്‍ പാറ്റയെ ഓടിക്കാനുള്ള മറ്റ് മാര്‍ഗങ്ങളും വീട്ടുടമസ്ഥര്‍ പ്രയോഗിക്കരുത്. കമ്പനിയ്ക്കായിരിക്കും ഇതില്‍ പൂര്‍ണ അവകാശം. പരീക്ഷണങ്ങള്‍ വീട്ടുകാര്‍ക്കോ വളര്‍ത്തു മൃഗങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ഇവര്‍ ഉറപ്പ് നല്‍കുന്നു. വിചിത്രമായ ഓഫറില്‍ ഇന്റര്‍നെറ്റ് ലോകം പകച്ചിരിക്കുകയാണെങ്കിലും കമ്പനിയെ പോലും ഞെട്ടിച്ച് പാറ്റയെ വളര്‍ത്താന്‍ ആയിരക്കണക്കിന് അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.