ചില പ്രണയകഥകള്‍ കാലത്തിനപ്പുറം സഞ്ചരിക്കും എന്ന് പറയാറുണ്ട്. സംവത്സരങ്ങള്‍ക്ക് പോലും മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത അനേകമനേകം പ്രണയകഥകള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
ലണ്ടന്‍ സ്വദേശികളായ മാര്‍ഗരറ്റിന്റെയും ഒസ്‌വാള്‍ഡിന്റെയും കഥ ഇത്തരത്തില്‍ കാലം അടയാളപ്പെടുത്തി വച്ചിരിക്കുന്ന ഒന്നാണ്. 2007ല്‍ മരിച്ച ഒസ്‌വാള്‍ഡിന്റെ ശബ്ദം കേള്‍ക്കാന്‍ ഇപ്പോഴും മാര്‍ഗരറ്റ് റെയില്‍വേ സ്‌റ്റേഷനിലെത്തും. പതിനഞ്ച് വര്‍ഷമായി മാര്‍ഗരറ്റിന്റെ ശീലമാണത്. ലണ്ടനിലെ എംബാങ്ക്‌മെന്റ് ട്യൂബ് സ്‌റ്റേഷനില്‍ അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത് ഒസ് വാള്‍ഡിന്റെ ശബ്ദമാണ്. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും തീവണ്ടിയുടേയും പ്ലാറ്റ്‌ഫോമിന്റെയും അകലത്തെക്കുറിച്ച് ഓര്‍മിപ്പിക്കുവാനുമൊക്കെയായി ഇപ്പോഴും ഒസ് വാള്‍ഡിന്റെ ശബ്ദമുണ്ട് സ്‌റ്റേഷനില്‍.
ഒരിക്കല്‍ ഇവര്‍ ഒസ് വാള്‍ഡിന്റെ ശബ്ദം മാറ്റി ഡിജിറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ മാര്‍ഗരറ്റിന്റെ കഥയറിഞ്ഞതോടെ തിരിച്ച് ഒസ് വാള്‍ഡിന്റെ ശബ്ദം തന്നെ അവര്‍ അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചു. ഈ കുറച്ച് ദിവസങ്ങളല്ലാതെ ഒസ് വാള്‍ഡിന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാര്‍ഗരറ്റിന്റെ ജീവിതത്തിലില്ല. മാര്‍ഗരറ്റിന് വേണ്ടി മാത്രമായാണ് ഒസ്‌വാള്‍ഡിന്റെ ശബ്ദം സ്റ്റേഷന്‍ അധികൃതര്‍ ഉപയോഗിക്കുന്നത്.
ലണ്ടനില്‍ ജനറല്‍ പ്രാക്ടീഷണറായ മാര്‍ഗരറ്റ് 1992ലാണ് ഒസ്‌വാള്‍ഡിനെ പരിചയപ്പെടുന്നത്. അന്ന് മൊറൊക്കോയിലെ ഒരു കപ്പല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഒസ്‌വാള്‍ഡ്. അന്ന് മുതല്‍ 2007ല്‍ ഒസ്‌വാള്‍ഡിന്റെ മരണം വരെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു മാര്‍ഗരറ്റ്. 86ാം വയസ്സില്‍ പ്രായാധിക്യം മൂലമാണ് ഒസ്‌വാള്‍ഡ് മരിക്കുന്നത്.
Discussion about this post