നാസി തടവില്‍ നിന്ന് രക്ഷപെടുമ്പോള്‍ സൈനികന്‍ ധരിച്ചിരുന്ന റോളക്‌സ് വാച്ച് വിറ്റു : ലഭിച്ചത് 1.47 കോടി രൂപ

ന്യൂയോര്‍ക്ക് : രണ്ടാം ലോകമഹായുദ്ധകാലത്തെ റോളക്‌സ് വാച്ചിന് ലേലത്തില്‍ ലഭിച്ചത് 18900 ഡോളര്‍ (ഏകദേശം 1.47 കോടി രൂപ). യുദ്ധത്തിന്റെ സമയത്ത് നാസി സത്‌ലാഗ് ലുഫ്റ്റ് 3 തടവില്‍ നിന്ന് രക്ഷപെടുമ്പോള്‍ ബ്രിട്ടീഷ് സൈനികന്‍ ജെറാള്‍ഡ് ഇമേസണ്‍ ധരിച്ചിരുന്ന വാച്ചാണ് ലേലത്തില്‍ വെച്ചത്.

1944 മാര്‍ച്ച് 24നാണ് ഇമേസണും കൂട്ടരും ജയില്‍ ചാടുന്നത്. ജയിലിലെ തുരങ്കത്തില്‍ ഇഴഞ്ഞ് നീങ്ങാനെടുക്കുന്ന സമയം തിട്ടപ്പെടുത്താന്‍ ഇമേസണ്‍ ഉപയോഗിച്ചിരുന്നത് ഈ വാച്ചായിരുന്നു. വാച്ചിന്റെ ചരിത്രപരമായ പ്രാധാന്യവും അതു തന്നെ. രക്ഷപെടാനുള്ളവരില്‍ 172ാമനായാണ് ഇമേസണ്‍ വരി നിന്നിരുന്നത്. ഈ സമയമത്രയും വാച്ച് ഇമേസണ്‍ കയ്യില്‍ കെട്ടിയിരുന്നു.

ജയില്‍ ചാടിയ 200പേരില്‍ 76 പേര്‍ രക്ഷപെട്ടു. ഇതില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരും പിടിയിലായി. 50 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. രക്ഷപെട്ടവരിലില്ലായിരുന്നെങ്കിലും 1945ല്‍ പിഒഡബ്ല്യൂ ക്യാമ്പില്‍ നിന്ന് ഇമേസണെ മോചിതനാക്കി. 2003ല്‍ മരിയ്ക്കുന്നത് വരെ വാച്ച് ഇദ്ദേഹം ഉപയോഗിച്ചിരുന്നു. ഇമേസണിന്റെയും കൂട്ടരുടെയും ജയില്‍ ചാട്ടമാണ് 1963ല്‍ പുറത്തിറങ്ങിയ ‘ദി ഗ്രേറ്റ് എസ്‌കേപ്പ് ‘ എന്ന ചിത്രത്തിന്റെ പ്രമേയം.

റോളക്‌സിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡ് ഷോറൂമില്‍ നിന്നാണ് ഇമേസണ്‍ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ഇത് പിന്നീട് റെഡ്‌ക്രോസ് വഴി ഇന്നത്തെ പോളിഷ് ടൗണായ സാഗനിലുള്ള പ്രിസണ്‍ ക്യാമ്പിലെത്തിക്കുകയായിരുന്നു. ബ്രിട്ടീഷ് ഓക്ഷന്‍ ഹൗസായ ക്രിസ്റ്റീസിന്റെ ന്യൂയോര്‍ക്ക് ഡിവിഷനാണ് വാച്ച് ലേലത്തില്‍ വെച്ചത്.

Exit mobile version