ചിലിയിലുണ്ട് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം : പ്രായം വെറും 5484 വര്‍ഷം !

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മരം ഏതാണെന്ന കാര്യത്തില്‍ എപ്പോഴും തര്‍ക്കമാണ് ശാസ്ത്രജ്ഞരുടെയിടയില്‍. യുഎസിലെ കിഴക്കന്‍ കാലിഫോര്‍ണിയയിലുള്ള മെതുസെലാ എന്ന മരമാണ് ഏറ്റവും പഴക്കമുള്ള മരമായി ഇതുവരെ കൂട്ടിയിരുന്നത്. എന്നാല്‍ ഇതല്ല ചിലിയിലെ ഒരു കോണിഫര്‍ മരമാണ് പ്രായം കൂടിയ മരമെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ അവകാശവാദം.

5484 വര്‍ഷം പഴക്കമുള്ള മരമാണ് ചിലിയിലേതെന്നും മെതുസെല മരത്തിന് 4853 വര്‍ഷത്തെ പഴക്കമേ ഉള്ളൂവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പാലിസിലെ ക്ലൈമറ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ്ല്‍ സയന്‍സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. ജൊനാഥന്‍ ബൈരിവിച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പാറ്റഗോണിയന്‍ സൈപ്രസ് വിഭാഗത്തില്‍ പെട്ടതാണ് ചിലിയിലെ ‘മരമുത്തശ്ശന്‍’.

സാധാരണ മരങ്ങളുടെ ട്രങ്കിലുള്ള വളയങ്ങള്‍ എണ്ണിയാണ് പ്രായം തിട്ടപ്പെടുത്താറുള്ളത്. 1 മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മരങ്ങളില്‍ നിന്ന് തടി ലഭിക്കുന്നത്. എന്നാല്‍ ചിലിയിലെ മരത്തിന് 4 മീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്നു.

ചിലിയിലെ പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കൊണ്ട് ഈ അപ്പൂപ്പന്‍ മരം ഭീഷണിയിലാണെന്ന് ജൊനാഥന്‍ പറയുന്നു. ആളുകള്‍ മരത്തിന് കേടുപാടുകള്‍ വരുത്തുമെന്നും ഇദ്ദേഹത്തിനടക്കമുള്ള പരിസ്ഥിതി സംരക്ഷകര്‍ക്ക് പേടിയുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളുടെ ഒന്നും തന്നെ വിവരങ്ങള്‍ അധികൃതര്‍ പരസ്യമാക്കാറില്ല. മരത്തെ തിരിച്ചറിയുന്ന സൂചികകളോ ബോര്‍ഡുകളോ പോലും മരത്തിന്റെ നാശത്തിന് വഴി വെച്ചേക്കാമെന്നാണ് അധികൃതരുടെ പേടി.

Exit mobile version