സാധിക്കുമെങ്കില്‍ മുന്‍ ഭാര്യ മെലിന്‍ഡയെ ഇനിയും ജീവിതസഖിയായി തിരഞ്ഞെടുക്കുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. തങ്ങളുടെ ദാമ്പത്യം മഹത്തരമായിരുന്നുവെന്നും ജീവിതപങ്കാളിയായി മെലിന്‍ഡയ്ക്ക് പകരും മറ്റൊരാളെ ചിന്തിക്കാന്‍ പോലുമാവില്ലെന്നും ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഗേറ്റ്‌സ് അറിയിച്ചു.
“ഭാവി ജീവിതത്തെക്കുറിച്ച് ഇപ്പോളെനിക്ക് വലിയ പ്ലാനുകളൊന്നുമില്ല. പക്ഷേ വിവാഹം വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്തായാലും മെലിന്‍ഡയ്ക്ക് പകരം ഒരാള്‍ ഇനി ഉണ്ടാവില്ല. സാധിക്കുമെങ്കില്‍ മെലിന്‍ഡയെ തന്നെ വീണ്ടും വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. ഡിവോഴ്‌സുമായി ഇപ്പോഴും പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. മെലിന്‍ഡയുമായി ഒന്നിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശ്വാസം”. ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
കോവിഡ് മൂലം രണ്ട് വര്‍ഷം വളരെ നാടകീയമായാണ് കടന്നുപോയതെന്നും കുട്ടികളെ പിരിഞ്ഞുള്ള ജീവിതം ഏറെ ക്ലേശകരമായിരുന്നുവെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ജെന്നിഫര്‍, ഫീബി, റോറി എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
നീണ്ട 30 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം മേയിലാണ് ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുന്നതായി അറിയിച്ചത്. ഓഗസ്‌റ്റോട് കൂടി ഡിവോഴ്‌സ് നടപടികളെല്ലാം പൂര്‍ത്തിയാക്കി രണ്ടുപേരും രണ്ട് വഴിയ്ക്കായെങ്കിലും തങ്ങളുടെ സ്വപ്ന സംരംഭമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
Discussion about this post