പ്രതീക്ഷിക്കാത്ത നേരത്ത് പ്രതീക്ഷിക്കാത്ത രീതിയിലൊക്കെയാണ് കോവിഡ് പിടികൂടുക. വാക്‌സീനെടുത്തിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ ഒന്നിലധികം തവണ കോവിഡ് ബാധിച്ചവര്‍ ഏറെയുണ്ടാകും. എന്നാല്‍ ഒന്നരവര്‍ഷമായി കോവിഡ് ബാധിതരായ ആരെയെങ്കിലും പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അങ്ങനെ ഒരാളുണ്ട് യുകെയില്‍.
കഴിഞ്ഞ 505 ദിവസമായി രോഗബാധിതനാണിദ്ദേഹം. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ രോഗബാധിതയാണിത്. മുമ്പ് പിസിആര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് കേസ് 335 ദിവസം നീണ്ടുനിന്നതായിരുന്നു. 2020ല്‍ റിപ്പോര്‍ട്ട് ചെയ്ത ഈ കേസ് ചികിത്സിച്ച് ഭേദമാക്കിയെങ്കിലും 2021ല്‍ രോഗി മരിച്ചു. മരണകാരണം വെളിപ്പെടുത്താന്‍ ഗവേഷകര്‍ വിസമ്മതിക്കുകയും മരിച്ചയാള്‍ക്ക് പല രോഗങ്ങളുമുണ്ടായിരുന്നതായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഈയാഴ്ച പോര്‍ച്ചുഗലില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ് കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഗവേഷകരുടെ തീരുമാനം. ദീര്‍ഘകാല കോവിഡ് ബാധിതരില്‍ ഏതൊക്കെ തരത്തിലുള്ള വകഭേദങ്ങളാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇവര്‍ പഠനം നടത്തിയിട്ടുണ്ട്. കുറഞ്ഞത് എട്ടാഴ്ചയെങ്കിലും കോവിഡ് പോസീറ്റീവായ 9 രോഗികളാണ് ഇതിലുള്‍പ്പെടുന്നത്.
ഈ രോഗികള്‍ക്കെല്ലാം അവയവം മാറ്റി വയ്ക്കല്‍, എച്ച്‌ഐവി പോസിറ്റീവ്, ക്യാന്‍സര്‍ തുടങ്ങിയ കാരണങ്ങളാല്‍ പ്രതിരോധ സംവിധാനം ദുര്‍ബലമായിരുന്നു. ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ ഇവരില്‍ രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തിലേറെ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഗൈഡ് ആന്‍ഡ് സെന്റ് തോമസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ലൂക്ക് ബ്ലാഗ്ഡണ്‍ സ്‌നെല്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പോര്‍ച്ചുഗലിലെ മീറ്റിംഗില്‍ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കാനാണ് തീരുമാനം.
Discussion about this post