രാവിലെ ഗൂഗിള്‍ എടുത്തപ്പോള്‍ തന്നെ രണ്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ കൊളാഷ് ചെയ്ത ഒരു ചിത്രമല്ലേ തെളിഞ്ഞു വന്നത് ? ഗൂഗിളിന്റെ ഭൗമദിന സ്‌പെഷ്യല്‍ ഡൂഡിലാണത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ ഭൗമദിനത്തില്‍ ഗൂഗിളിന്റെ ഡൂഡില്‍.
ഭൂമിയില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായിട്ടുള്ള ആഘാതമാണ് ഡൂഡില്‍ സൂചിപ്പിക്കുന്നത്. ഭൂമിയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളിലെ ചിത്രങ്ങള്‍ സേര്‍ച്ച് എഞ്ചിന്റെ ഹോം പേജിലുണ്ട്. 1986 മുതല്‍ 2020 വരെ എടുത്ത ചിത്രങ്ങളാണിവ. ടാന്‍സാനിയായിലെ കിളിമഞ്ചാരോ പര്‍വതനിരകള്‍, സെര്‍മര്‍സൂക്വിന്‍ ഗ്രീന്‍ലാന്‍ഡ്, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്, ജര്‍മനിയിലെ ഹാര്‍സ് വനമേഖല എന്നിവയാണ് ചിത്രങ്ങളിലുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഓരോ പ്രദേശത്തിനുമുണ്ടായ മാറ്റങ്ങള്‍ ഡൂഡില്‍ ചൂണ്ടിക്കാട്ടുന്നു.
കിളിമഞ്ചാരോയില്‍ മഞ്ഞ് പാളികള്‍ തെന്നിമാറിയുണ്ടായ മാറ്റമാണ് ഡൂഡില്‍ ഹൈലൈറ്റ് ചെയ്യുന്നത്. 1986 മുതല്‍ ഇവിടെ മാഞ്ഞുപാളികള്‍ വലിയ രീതിയില്‍ ഉരുകാനും തെന്നിമാറാനും തുടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മഞ്ഞുമലകളും തടാകങ്ങളും കൊണ്ട് സമ്പുഷ്ടമായ ഗ്രീന്‍ലാന്‍ഡിലെ സെര്‍മര്‍സൂക് എന്ന പ്രദേശത്തെ മാറ്റങ്ങളാണ് അടുത്ത ചിത്രം. ഇവിടെ 2016 മാര്‍ച്ച് മുതല്‍ ആ വര്‍ഷം മെയ് വരെ വലിയ രീതിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ പവിഴപ്പുറ്റുകളുടെ നാശവും ഡൂഡില്‍ എടുത്ത് കാട്ടുന്നുണ്ട്. ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയും മൂലം നശിച്ച ഹാര്‍സ് വനങ്ങളാണ് അവസാനത്തെ ചിത്രം. 1995 മുതല്‍ 2020 വരെയുള്ള ചിത്രങ്ങളാണിവ. ഓരോ മണിക്കൂറിലും ചിത്രങ്ങള്‍ മാറും.