വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തെപ്പറ്റിയുള്ള മോശം വിവരങ്ങള്‍ പുറത്ത് വിടണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടാവശ്യപ്പെട്ട് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു യുഎസ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്.
ജോ ബൈഡന്റെ മകന് ഹണ്ടറിന് റഷ്യയിലുള്ള വാണിജ്യ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. ബൈഡന് പ്രസിഡന്റ് ആയിരുന്ന സമയത്ത് പല രാജ്യങ്ങളിലും വന്‍ തുകകള്‍ ഹണ്ടര്‍ മുടക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
“എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുടിനറിയാമെന്നാണ് കരുതുന്നത്. ഹണ്ടര്‍ ബൈഡന് റഷ്യയിലുള്ള വാണിജ്യ ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുടിന് പുറത്തു വിടണം. ബൈഡന് വൈസ് പ്രസിഡന്റായിരിക്കേ നടന്ന ഇടപാടുകളാണിത്. ഇവയെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്”. ട്രംപ് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ഹണ്ടര്‍ നിഷേധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് ഹിലരി ക്ലിന്റന് അടക്കമുള്ളവരുടെ ഇമെയില്‍ ചോര്‍ത്തുന്നതിന് ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത് കൂടാതെ 2019ല്‍ ജോ ബൈഡനെതിര അഴിമതി അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രെയ്ന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കിക്ക് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതായും തെളിഞ്ഞിരുന്നു.
Discussion about this post