ബാങ്ക് കൊള്ളക്കാരനെന്ന് കരുതി ‘ബ്ലാക്ക് പാന്തര്‍ ‘ സംവിധായകനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പോലീസ്

അറ്റ്‌ലാന്‍ഡ : പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ ബാങ്ക് കൊള്ളക്കാരനെന്ന് കരുതി അറസ്റ്റ് ചെയ്ത് പോലീസ്. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരാണ് റയാനെ കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് പോലീസിലേല്‍പ്പിച്ചത്.

ജനുവരിയിലായിരുന്നു സംഭവം. സണ്‍ ഗ്ലാസ്സും മാസ്‌കും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്കിലെത്തിയത്. അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കുകയായിരുന്നു ഉദ്ദേശം. പണം എത്രയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പ് നല്‍കി. 12000 ഡോളര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ അറിയരുതെന്നുമായിരുന്നു കുറിപ്പ്. പതിനായിരം ഡോളര്‍ ആണ് പിന്‍വലിക്കാനാകുന്ന മാക്‌സിമം തുക എന്നതിനാല്‍ റയാന്‍ ബാങ്ക് കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. റയാനെ അറസ്റ്റ് ചെയ്യുന്ന വീഡിയോ അറ്റ്‌ലാന്‍ഡ പോലീസ് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്.

ബാങ്കില്‍ വരി നില്‍ക്കുകയായിരുന്ന റയാന്റെ അടുത്തേക്ക് പോലീസ് വിലങ്ങുമായി എത്തുന്നതും ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. പോലീസ് ജീപ്പില്‍ വച്ചുള്ള സംഭാഷണത്തില്‍ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് റയാന്‍ ചോദിക്കുന്നത് കേള്‍ക്കാം. ഇത് കൂടാതെ തന്റെയൊപ്പം അറസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന നഴ്‌സ് ആണെന്നും ഇവരുടെ വിലങ്ങ് അഴിക്കണമെന്നുമൊക്കെ റയാന്‍ പറയുന്നുണ്ട്.

തെറ്റ് പറ്റിയതാണെന്ന് മനസ്സിലായതോടെ അല്പ സമയത്തിനകം തന്നെ റയാനെയും കൂട്ടരെയും വിട്ടയച്ചു എന്ന് പോലീസ് അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നാണ് റയാന്‍ അറസ്റ്റിനോട് പ്രതികരിച്ചത്. തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു മെഡിക്കൽ അസിസ്റ്റന്‍റിന് പണമായി നൽകാനാണ് ഇത്രയും തുക പിന്‍വലിച്ചതെന്ന് കൂഗ്ലർ പൊലീസിനോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്ക മാപ്പ് പറഞ്ഞിട്ടുണ്ട്.

Exit mobile version