ഉക്രെയ്ന്‍ പ്രതിസന്ധി : എരി തീയില്‍ എണ്ണ ഒഴിക്കരുതെന്ന് അമേരിക്കയോട് ചൈന

ബെയ്ജിങ് : ഉക്രെയ്ന്‍ വിഷയത്തില്‍ എരി തീയില്‍ എണ്ണ ഒഴിക്കുന്ന ഏത് നടപടിയെയും എതിര്‍ക്കുമെന്ന് ചൈന. വിദേശകാര്യ മന്ത്രി വാങ് യി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ചൈന വ്യക്തമാക്കിയത്.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച വാങ് റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെ നാറ്റോ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രത്യാഖാതത്തെക്കുറിച്ച് യുഎസും യൂറോപ്പും ബോധവാന്മാരാകണമെന്നും ഓര്‍മിപ്പിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ ലോകം ഒറ്റക്കെട്ടാണെന്നും റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്നുമാണ് ബ്ലിങ്കന്‍ മറുപടി നല്‍കിയത്. ഉക്രെയ്‌നിനൊപ്പം ഏതൊക്കെ രാജ്യങ്ങളാണ് നില്‍ക്കുന്നതെന്ന് ലോകം ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് നേരത്തേ തന്നെ ചൈന പിന്മാറിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കപ്പെടണമെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം ഉപരോധമല്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്.

Exit mobile version