ഉക്രെയ്‌നില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌ഫോടനങ്ങളുടെ ശബ്ദമില്ലാതെ ഒരു നിമിഷം പോലും കടന്ന് പോയിട്ടില്ല. യുദ്ധഭീതിയില്‍ ജീവന്‍ പോലും പണയം വെച്ച് പോരാടുന്നവരും നിസ്സഹായരായി ബങ്കറുകളിലും മറ്റും അഭയം തേടിയിരിക്കുന്നവരുമൊക്കെ ലോകത്തിന് വിങ്ങലായ കാഴ്ചകളാണ്.
എന്നാല്‍ യുദ്ധം ജീവിതത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കാന്‍ ഉക്രെയ്ന്‍ ജനത തയ്യാറല്ല. ബങ്കറുകളായ ബങ്കറുകളിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും ജീവന്‍ കയ്യില്‍ പിടിച്ചോടുമ്പോള്‍ ആ കൈകളില്‍ തങ്ങളുടെ അരുമമൃഗങ്ങളെയും ഉക്രെയ്ന്‍കാര്‍ കരുതിയിട്ടുണ്ടാവും. തങ്ങളുടെ ജീവനോളം വില തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെയും ജീവന് ഉക്രെയന്‍ ജനത നല്‍കുന്നുണ്ടെന്ന് ഓരോ അഭയാര്‍ഥി ക്യാംപുകളിലെയും ചിത്രങ്ങള്‍ കാട്ടിത്തരുന്നു.
Ukrainians fleeing with their pets 🐾 pic.twitter.com/hdTSPQAcNh
— Deborah Von Brod (@DeborahVonBrod) February 24, 2022
പലരും വലിയ പെട്ടികളിലൊക്കെയാണ് മൃഗങ്ങളെ ഷെല്‍ട്ടറുകളിലേക്ക് കൊണ്ടുവരുന്നത്. ഇവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സേവനവും ഇവര്‍ ഉറപ്പാക്കുന്നു, സ്‌ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയിലും അവരെ സാന്ത്വനിപ്പിക്കുന്നു. മൃഗങ്ങളെ സംഘര്‍ഷഭൂമിയില്‍ ഒറ്റയ്ക്കാക്കി പോരാനാവില്ല എന്നതിനാല്‍ ജീവന്‍ പണയം വെച്ചും ഇവര്‍ക്ക് കാവലിരിക്കുന്നവരും കുറവല്ല. ലിവീവ് നഗരത്തിലെ ഒരു ക്യാറ്റ് കഫേയുടെ ഉടമസ്ഥര്‍ ഇത്തരത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ഇനിയും കൂട്ടാക്കാത്തവരാണ്. കാരണം ഇവര്‍ ഈ കഫേയില്‍ വളര്‍ത്തുന്നത് ഇരുപത് പൂച്ചകളെയാണ്. അവരെ സംരക്ഷിക്കേണ്ടതിനാല്‍ സ്ഥാപനം തുറന്നേ പറ്റൂ. അതുകൊണ്ട് യുദ്ധഭീതിയിലും അവര്‍ തങ്ങളുടെ അരുമമൃഗങ്ങളെ നെഞ്ചോട് ചേര്‍ത്ത് അവയ്ക്ക് കൂട്ടിരിക്കുന്നു.
People in Kyiv don't leave their cats behind. pic.twitter.com/romBYtwB29
— 💀Cromortuary💀 (@CromartyHeather) February 25, 2022
ഉക്രെയ്‌നില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ഋഷഭ് കൗശിക് തന്റെ വളര്‍ത്തുനായ കൂടെയില്ലാതെ നാട്ടിലേക്ക് മടങ്ങില്ല എന്ന തീരുമാനമെടുത്തതും നാം കണ്ടതാണ്. ഉക്രെയ്ന്‍ ജനത കൂട്ടത്തോടെ പലായനം ചെയ്യുന്ന പോളണ്ട്, റൊമേനിയ, സ്ലോവാക്യ തുടങ്ങിയ സ്ഥലങ്ങള്‍ കാര്യമായ രേഖകളില്ലാതെ തന്നെ വളര്‍ത്തുമൃഗങ്ങളെ ഉടമസ്ഥരുടെയൊപ്പം അതിര്‍ത്തി കടത്തുന്നുണ്ട്. യുദ്ധം മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ മാനസികാവസ്ഥയിലാക്കുന്നു എന്ന് അവര്‍ക്ക് ഇതിനോടകം തന്നെ മനസ്സിലായിരിക്കണം.