ഡൂബ്ലിന്‍ : പൊതു ഇടങ്ങളിലും പൊതു ഗതാഗതത്തിലും മാസ്‌ക് ഒഴിവാക്കാനൊരുങ്ങി അയര്‍ലന്‍ഡ്. പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും നിലവിലുള്ള പ്രത്യേക സംരക്ഷണ നടപടികളും നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇത്തരം സംരക്ഷണ നടപടികളില്‍ സാമൂഹിക അകലം, ഒരു പരിപാടിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി എന്നിവയുള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളുമുണ്ട്. ഈ മാസം അവസാനം മുതല്‍ ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ എന്നിവരൊഴികെ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകള്‍ക്ക് പരിശോധന ആവശ്യമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ 48 മണിക്കൂര്‍ വരെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണം.
കോവിഡ് രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ ആരോഗ്യ പ്രവര്‍ത്തകരൊഴികെ ബാക്കിയാരും പരിശോധന നടത്തേണ്ടതില്ല എന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിയമങ്ങള്‍ പ്രാബല്യത്തില്‍ എത്തുന്നതോടെ അയര്‍ലന്‍ഡിലെ ഒട്ടുമിക്ക എല്ലാ കോവിഡ് നിയന്ത്രണങ്ങള്‍ക്കും അവസാനമാകും.