യൂണിഷില്‍ നിലംപൊത്തി ന്യൂട്ടന്റെ ആപ്പിള്‍ മരം

ലണ്ടന്‍ : ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ക്ലോണുകളിലൊന്ന്‌ നിലംപൊത്തി. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് ഐസക് ന്യൂട്ടനെ നയിച്ച ആപ്പിള്‍ മരത്തിന്റെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ക്ലോണാണ്‌ നിലംപതിച്ചത്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ യൂണിഷ് കൊടുങ്കാറ്റിലാണ് മരം വീണത്. 1954ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലുണ്ടായിരുന്നു. ഇതുള്‍പ്പടെ മൂന്ന് ക്ലോണുകളാണ് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റേതായുള്ളത്. 19ാം നൂറ്റാണ്ടിലുണ്ടായ കൊടുങ്കാറ്റില്‍ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മവീട്ടിലുള്ള യഥാര്‍ഥ മരത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

മരം വീണ സംഭവം ദുഖകരമാണെന്നും ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡോ.സാമുവല്‍ ബ്രോക്കിംഗ്ടണ്‍ അറിയിച്ചു.

Exit mobile version