ടൊറന്റോ : സ്വാസ്തിക അടക്കമുള്ള ചിഹ്നങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിക്കാനൊരുങ്ങി കാനഡ. ഇത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസം നാഷണല്‍ ഡെമോക്രോറ്റിക് പാര്‍ട്ടി എംപി പീറ്റര്‍ ജൂലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഹിന്ദുമതം ഉള്‍പ്പടെയുള്ള മതങ്ങള്‍ പരിപാവനമായി കണക്കാക്കുന്ന സ്വാസ്തികയുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
നാസി ചിഹ്നമായിരുന്ന സ്വാസ്തിക, അമേരിക്കന്‍ വംശീയവാദികളായ കൂ ക്ലക്‌സ് ക്ലാന്‍ സംഘത്തിന്റെ മുദ്ര എന്നിവ അടക്കമുള്ള വിദ്വേഷസ്വഭാവമുള്ള അടയാളങ്ങളുടെ പരസ്യപ്രദര്‍ശനവും വില്‍പനയുമെല്ലാം നിരോധിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. 1933-45 കാലത്തെ ജര്‍മനിയുടെയും 1861-65 കാലത്തെ അമേരിക്കന്‍ കോണ്‍ഫെഡറേറ്റിന്റെയും പതാകകള്‍ക്കും സൈനിക വസ്ത്രങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.
സ്വാസ്തികയ്ക്കും കോണ്‍ഫെഡറേറ്റ് പതാകകള്‍ക്കുമൊന്നും കാനഡയില്‍ സ്ഥാനമില്ലെന്നാണ് പാര്‍ട്ടി തലവനും ഇന്ത്യന്‍ വംശജനുമായ ജഗ്മീത് സിങ് ബില്ലിനെക്കുറിച്ച് വ്യക്തമാക്കിയത്. സമൂഹത്തിന് ഒന്നടങ്കം സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും കാനഡയില്‍ വിദ്വേഷമുദ്രകള്‍ നിരോധിക്കേണ്ട സമയമായി എന്നും സിങ് അഭിപ്രായപ്പെട്ടു.
നാസിസവുമായി ബന്ധപ്പെടുത്തി സ്വാസ്തിക നിരോധിക്കാനുള്ള കാനഡയുടെ തീരുമാനത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിനെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ വിവിധ സംഘടനകളില്‍ നിന്നും ലഭിച്ച പരാതികള്‍ പങ്ക് വച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ അറിയിച്ചു.
കാനഡയുടെ തീരുമാനത്തെ അപലപിച്ച് വിവിധ ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാസികള്‍ ഉപയോഗിക്കുന്നതിനും വളരെ മുമ്പ് തന്നെ ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും സിഖുകാരുടെയും വിശിഷ്ട ചിഹ്നവുമായിരുന്നു സ്വാസ്തിക എന്നും പുതിയ നീക്കം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുമെന്നും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുപാക്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്സവ് ചക്രവര്‍ത്തി പറഞ്ഞു.
നാസികള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമല്ല യഥാര്‍ഥ സ്വാസ്തികയെന്നും നാസികള്‍ അവരുടെ ഐക്യത്തിന്റെയും കരുത്തിന്റെയുമൊക്കെ അടയാളമായി കണക്കാക്കിയിരുന്നത് സ്വാസ്തികയോട് സാദൃശ്യമുള്ള ഹാകെന്‍ക്രൂയെറ്റ്‌സ് എന്ന മറ്റൊരു ചിഹ്നമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ക്യാംപെയ്‌നുകളും കാനഡയില്‍ നടക്കുന്നുണ്ട്. പരിപാവനമായി കണക്കാക്കപ്പെടുന്ന സ്വാസ്തിക എങ്ങനെ നാസി ചിഹ്നത്തില്‍ നിന്ന് വ്യത്യസ്തമാകുന്നു എന്നും സ്വാസ്തികയ്ക്ക് നാസിയുമായി ഒരു ബന്ധവുമില്ലെന്നും ജനങ്ങളെ ബോധവത്കരിക്കുകയാണ് ക്യാംപെയ്‌നിന്റെ ലക്ഷ്യം.
ഹിംസയുടെയും അക്രമത്തിന്റെയും ഉള്ളക്കമുള്ള മുദ്രയാണ് സ്വാസ്തികയെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന നേരത്തേ വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
Discussion about this post