നേരംപോക്കിനായി പലതും ചെയ്യുന്നവരുണ്ട്. എന്നാല്‍ നേരംപോക്കിനായി പാടത്ത് മെറ്റല്‍ ഡിറ്റക്ടറുമായി ഇറങ്ങിയിട്ടുണ്ടോ ? ഇല്ലെങ്കിലൊന്ന് ട്രൈ ചെയ്യുന്നത് നല്ലതായിരിക്കും. കാരണം ബ്രിട്ടനിലൊരു വ്യക്തി ഇതുപോലെ നേരംപോക്കിന് പാടത്തൂടെ നടന്നപ്പോള്‍ കിട്ടിയതൊരു സ്വര്‍ണനാണയമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച അത് ലേലത്തില്‍ വിറ്റുപോയതാകട്ടെ ആറരക്കോടി രൂപയ്ക്കും.
ബ്രിട്ടനിലെ ഡെവോണ്‍ മേഖലയിലുള്ള ഹെമിയോക്കിലാണ് സംഭവം നടന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വെറുതേ വീട്ടില്‍ ബോറടിച്ചിരുന്ന സമയത്ത് ലേ മല്ലോറി ചുമ്മാ പാടത്തൂടെ ചുറ്റിയടിക്കാനിറങ്ങിയതാണ്. കൂടെ ഒരു രസത്തിന് മെറ്റല്‍ ഡിറ്റക്ടറും കരുതി. അങ്ങനെ നടക്കുന്നതിനിടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ ബീപ്പടിച്ചത്.
പണ്ടുകാലത്ത് കിട്ടിയിട്ടുള്ളത് പോലെ ഇരുമ്പ് വസ്തുക്കളോ ആണികളോ ഉപയോഗശൂന്യമായ എന്തെങ്കിലുമായിരിക്കുമെന്ന് വിചാരിച്ചെങ്കിലും ബീപ്പടിച്ച സ്ഥലം കുഴിച്ച മല്ലോറി ഒന്ന് ഞെട്ടി. പത്ത് സെന്റിമീറ്ററോളം താഴെ ഒരു സ്വര്‍ണനാണയമാണ് മല്ലോറിയെ കാത്തിരുന്നത്. എന്നാല്‍ വെറുമൊരു സ്വര്‍ണനാണയമല്ല അതെന്ന് മല്ലോറി സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
ബ്രിട്ടനിലെ മധ്യകാലഘട്ടത്തില്‍ എഡി 1257ല്‍ നിര്‍മിച്ച സ്വര്‍ണനാണയമായിരുന്നു അത്. ഹെന്ററി മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്ത ഇത്തരത്തിലെ നാണയം 260 വര്‍ഷത്തിനിടെ ആദ്യമായാണ് കണ്ടെത്തുന്നത്. ഇതുവരെ ഇത്തരത്തിലുള്ള എട്ട് നാണയമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നാണയത്തിന്റെ മറുഭാഗത്ത് നീളന്‍ കുരിശുകളും റോസോപുഷ്പങ്ങളുമാണ് കൊത്തി വച്ചിരിക്കുന്നത്.ഞായറാഴ്ച നടന്ന ലേലത്തില്‍ ബ്രിട്ടനിലെ തന്നെ ഒരു പുരാവസ്തു സ്‌നേഹിയാണ് ആറരക്കോടിയോളം രൂപ നല്‍കി നാണയം സ്വന്തമാക്കിയത്.