പരസ്യ ചിത്രീകരണത്തിന് യഥാര്‍ഥ കടുവകളെ ഉപയോഗിച്ചതില്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിക്ക് രൂക്ഷ വിമര്‍ശനം. ‘ഗൂച്ചിടൈഗര്‍’ എന്ന പേരിലുള്ള പുതിയ കളക്ഷന്‍ അവതരിപ്പക്കുന്ന ക്യാംപെയ്‌നാണ് വിവാദത്തിലായത്.
ക്യാംപെയ്‌നിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങളിലെല്ലാം കടുവയുടെ സാന്നിധ്യമുണ്ട്. മോഡലുകള്‍ക്കൊപ്പം കടുവകള്‍ ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ബ്രാന്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. ഒരു ചിത്രത്തില്‍ വംശനാശം നേരിടുന്ന ജീവികളുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ഷെയര്‍ ഫണ്ടില്‍ 2020 ഫെബ്രുവരി മുതല്‍ ഗൂച്ചി ഭാഗമാണെന്നാണ് ക്യാപ്ഷന്‍.
എന്നാല്‍ ചിത്രവും ക്യാപ്ഷനും നേരെ വിപരീതമാണെന്നും കടുവകള്‍ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലല്ലാത്ത രീതിയില്‍ പരസ്യം ചിത്രീകരിക്കുന്നത് ഗൂച്ചിയുടെ നിലപാടുകളുമായി യോജിക്കുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു. യഥാര്‍ഥ കടുവയെ ഒരു വസ്തു പോലെ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷനും ഗൂച്ചിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ മനുഷ്യര്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്ന സന്ദേശം ഈ ക്യാംപെയ്‌നിലുണ്ടെന്നാണ് അവരുടെ വാദം.ലോകത്ത് ആകമാനം കാടുകളില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കടുവകള്‍ കൂടുകളില്‍ കഴിയുന്നുണ്ടെന്നാണ് വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ ന്യൂസിലന്‍ഡ് ചിത്രങ്ങളോട് പ്രതികരിച്ചത്.
അതേസമയം പ്രകൃതി, കാട് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൂച്ചിടൈഗര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുവകളുടെ ചിത്രങ്ങള്‍ സുരക്ഷിതമായ പരിസ്ഥിതിയില്‍ വെച്ച് പകര്‍ത്തിയതാണെന്നും അവയ്ക്ക് യാതൊരുവിധ ദോഷവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയായിരുന്നു ചിത്രീകരണമെന്നും ഗൂച്ചി വ്യക്തമാക്കിയിരുന്നുവെങ്കിലും ക്യാംപെയ്‌നെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.