ലോകത്തിന്റെ നെറുകയില്‍ പന്ത്രണ്ട് വര്‍ഷം : അംബരചുംബിയായി ബുര്‍ജ് ഖലീഫ

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് പന്ത്രണ്ട് വയസ്സ്. പന്ത്രണ്ട് വര്‍ഷം മുമ്പൊരു ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ബുര്‍ജ് ദുബൈ എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും ജനുവരി നാലിനാണ്.

2004 ജനുവരിയിലാണ് ബുര്‍ജ് ഖലീഫയുടെ പണി തുടങ്ങിയത്. കൃത്യം ആറ് വര്‍ഷം കൊണ്ട് പണി തീര്‍ത്തു. 829.8 മീ ഉയരത്തിലുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്.ദുബായില്‍ സ്ഥിതി ചെയ്യുന്ന ഖലീഫ ടവര്‍ അഥവാ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇന്നുവരെ മറ്റൊരു കെട്ടിടം വന്നിട്ടില്ല.

ഏറ്റവും ഉയരമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിര്‍മിതി, ഏറ്റവും നീളത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലെ റസ്റ്ററന്റ്, നിശാക്ലബ്ബ് തുടങ്ങി പതിനഞ്ചിലേറെ ലോകറെക്കോര്‍ഡുകള്‍ ബുര്‍ജ് ഖലീഫയ്ക്ക് സ്വന്തമായുണ്ട്. ലോകത്തെ ഏറ്റവും ആകര്‍ഷകമായ പുതുവത്സരാഘോഷങ്ങളിലൊന്ന് നടക്കുന്നതും ബുര്‍ജ് ഖലീഫയിലാണ്.

അമേരിക്കന്‍ ആര്‍ക്കിടെക്ട് അഡ്രിയാന്‍ സ്മിത്താണ് ബുര്‍ജ് ഖലീഫ രൂപകല്പന ചെയ്തത്. ബുര്‍ജ് ദുബൈ എന്നറിയപ്പെട്ടിരുന്ന കെട്ടിടം ഉദ്ഘാടന ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫ എന്ന് നാമകരണം ചെയ്യുകയായിരുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ വിശേഷദിവസങ്ങളും ബുര്‍ജ് ഖലീഫ ആഘോഷിക്കാറുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനത്തിന് അതത് രാജ്യത്തെ ദേശീയ പതാകയുടെ നിറത്തിലായിരിക്കും ബുര്‍ജ് ഖലീഫയില്‍ ബള്‍ബുകള്‍ കത്തുക. പുതുവത്സരദിനത്തില്‍ അതിമനോഹരമായ വര്‍ണക്കാഴ്ചയാണ് ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന നിര്‍മിതിയെന്ന പദവിയും ബുര്‍ജ് ഖലീഫയ്ക്ക് ലഭിച്ചിട്ടുണ്ട്. ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ആകര്‍ഷകകേന്ദ്രവും ബുര്‍ജ് ഖലീഫയാണ്.

Exit mobile version