ആന്റലൂസിയ : തെക്കന്‍ സ്‌പെയിനില്‍ കാട്ടുതീ പടരുന്നു. ഇതുവരെ 7400ഓളം ഹെക്ടര്‍ ഭൂമി തീയില്‍ നശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച ടൂറിസം മേഖലയായ എസ്റ്റപോനയിലെ പര്‍വതമേഖലയില്‍ നിന്നാണ് ആദ്യമായി തീ പടര്‍ന്നത്. ഇവിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ മരിച്ചിട്ടുണ്ട്.മൈലുകള്‍ക്കകളെ നിന്ന് പോലും പുകച്ചുരുളുകള്‍ കാണാവുന്ന രീതിയിലാണ് തീ പടര്‍ന്നിരിക്കുന്നത്. കൂടുതല്‍ സ്ഥങ്ങളിലേക്ക് തീ പടരുന്നതിനാല്‍ ആറോളം നഗരങ്ങളിലെ രണ്ടായിരത്തോളം പേരെ സംഭവസ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഇത്രയും ഭീകരമായ കാട്ടുതീ ഓര്‍മയിലുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
തീ പര്‍വ്വതങ്ങളില്‍ നിന്നും ഒഴുകിയിറങ്ങുന്നത് നടുക്കുന്ന കാഴ്ചയായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.ഈ വര്‍ഷം വേനലില്‍ യൂറോപ്പില്‍ പല സ്ഥലങ്ങളിലും കാട്ടു തീ രൂക്ഷമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളാണ് പലപ്പോഴും കാട്ടുതീയ്ക്ക് കാരണമാകുന്നത്. വ്യവസായശാലകളില്‍ നിന്ന് വലിയ തോതില്‍ പുറന്തള്ളപ്പെടുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിന്റെ താപനില ഇനിയും വര്‍ധിപ്പിച്ചേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.