സിഡ്നി : തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും സമീപത്ത് കൂടി സര്‍ഫ് ചെയ്ത കൈറ്റ്സര്ഫര് പിടിയില്‍. അഡിലൈഡ് സ്വദേശിയായി 32കാരനാണ് പിടിയിലായത്.
സര്‍ഫ് ചെയ്യുന്നതിനിടയില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും സമീപത്തേക്ക് ഇയാള്‍ പോകുന്നത് കണ്ട സഞ്ചാരികളുടെ പരാതിയിലാണ് പോലീസിന്റെ നടപടി.തിമിംഗലത്തിന് തൊട്ടടുത്ത് ഇയാള്‍ കൈറ്റ്സര്‍ഫിങ് നടത്തുന്ന ചിത്രങ്ങളും കാഴ്ചക്കാര്‍ പകര്‍ത്തി അധികൃതരെ കാണിച്ചിരുന്നു. തിമിംഗലത്തെ ശല്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും അയാള്‍ തിമിംഗലത്തെ ഉപദ്രവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിമിംഗലങ്ങള്ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് വേണ്ടി 1872ല്‍ പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തത്. കടലില്‍ ഇറങ്ങുന്നവര്‍ തിമിംഗലത്തെ കണ്ടാല്‍ ചുരുങ്ങിയത് 100 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിയമം. തിമിംഗലങ്ങള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഇവ പാലിക്കാതെ ഇരിക്കുന്നത് തിമിംഗലത്തിന് നേരെയുള്ള ഉപദ്രവമായി കണക്കാക്കപ്പെടും.
പിടിയിലായ വ്യക്തിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്. തിമിംഗലങ്ങള്‍ക്ക് പുറമെ ഡോള്‍ഫിനുകളെയും തെക്കന്‍ ഓസ്ട്രേലിയയില്‍ സംരക്ഷിത വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഡോള്‍ഫിനുകളില്‍ നിന്നും 50 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിയമം. ഇവയ്ക്ക് തീറ്റ കൊടുക്കുന്നത് പോലും നിയമവിരുദ്ധമാണ്.
Discussion about this post