അഫ്ഗാനിലെ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് യുഎസ് സഖ്യസേന പൂര്‍ണമായി പിന്മാറി : പിന്മാറ്റം നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

Afghanistan | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് സഖ്യസേനകള്‍ പൂര്‍ണമായി പിന്മാറിയതായി യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. അഫ്ഗാന്‍ സൈന്യത്തിന് വ്യോമതാവളം എന്ന് കൈമാറുമെന്നോ സഖ്യസേന എന്ന് അഫ്ഗാന്‍ വിടുമെന്നോ വ്യക്തമാക്കിയിട്ടില്ലെങ്കിലും എത്രയും പെട്ടന്ന് പിന്മാറ്റം പൂര്‍ത്തീകരിക്കാന്‍ യുഎസ്-നാറ്റോ സഖ്യം തീരുമാനിച്ചതായാണ് വിവരം.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുപിന്നാലെ അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദയെയും താലിബാനെയും പരാജയപ്പെടുത്താനായാണ് യുഎസിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ യുദ്ധത്തിനിറങ്ങിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമായി പിന്നീട് ഇത് മാറി.അധികാരസ്ഥാനത്തിരുന്നപ്പോള്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവര്‍ ബഗ്രാം വ്യോമതാവളം സന്ദര്‍ശിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലേക്കെത്തുന്ന സൈനികരുടെ പ്രവേശന/വിടവാങ്ങല്‍ കവാടം എന്ന നിലയിലാണ് ബഗ്രാം വ്യോമതാവളം അറിയപ്പെടുന്നത്. നിരവധി തവണ താലിബാന്‍ ഭീകരര്‍ വ്യോമതാവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ചാവേര്‍ ആക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും ഇതിലുള്‍പ്പെടുന്നു.എന്നാല്‍ ഇരുപത് വര്‍ഷമായി സംഘര്‍ഷത്തിലായിരുന്ന പ്രദേശത്തുനിന്ന് താലിബാനുമായി സമാധാന കരാര്‍ ഉണ്ടാക്കിയശേഷമാണ് യുഎസ്-നാറ്റോ സഖ്യം പിന്മാറുന്നത്.

2020 ഫെബ്രുവരിയില്‍ ഖത്തറിലായിരുന്നു ട്രംപ് ഭരണകൂടവും താലിബാന്‍ നേതൃത്വവും തമ്മില്‍ സമാധാനത്തിന്റെ ദോഹ കരാര്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 11ഓട് കൂടി അവസാന യുഎസ് സൈനികനും അഫ്ഗാന്‍ വിടുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version