കൊളംബോ : ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ രാസമലിനീകരണം കാരണം കടല്‍ജീവികള്‍ ചത്തുപൊങ്ങുന്നു. ഇതുവരെ 176 കടലാമകളും 20 ഡോള്‍ഫിനുകളും നാല് തിമിംഗലങ്ങളും ചത്തുപൊങ്ങിയെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ മഡാവ ടെന്നാകൂണ് ബുധനാഴ്ച കൊളംബോ കോടതിയില്‍ അറിയിച്ചു.
മെയ് 20നാണ് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എംവി എക്സപ്രസ് പേള്‍ എന്ന കപ്പലിന് തീ പിടിച്ചത്. 25 ടണ്‍ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളും ഉള്‍പ്പടെ 1486 കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ജൂണ്‍ 2നാണ് കപ്പല്‍ മുങ്ങിയത്. കപ്പലില്‍ 190ലധികം ചരക്കുകള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് അധിഷ്ഠിതമായവ ആണെന്നും പരിസ്ഥിതി മന്ത്രി മഹീന്ദ അമരവീര പറഞ്ഞു.
കപ്പലിന്റെ റഷ്യന്‍ ക്യാപ്റ്റന്‍ ത്യൂട്കലോ വിറ്റാലി വിചാരണയ്ക്കായി വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.വിറ്റാലി രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ട്. സംഭവത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ 15 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ദുരിതബാധിത തീരത്തിന്റെ ചില ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞയാഴ്ച നീക്കിയിരുന്നു.
ശ്രീലങ്കയിലെ ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക ദുരന്തമെന്ന് വിദഗ്ധര്‍ പറയുന്ന കേസില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
Discussion about this post