ലണ്ടന്‍ : ബ്രിട്ടനില്‍ ഏറ്റവും ഒടുവില്‍ ജീവിച്ചിരുന്ന ഡിനോസറുകളുടേതെന്ന് കരുതുന്ന ആറിനം കാല്‍പ്പാടുകള്‍ കണ്ടെത്തി. 110 ദശലക്ഷം വര്‍ഷത്തെ പഴക്കമുള്ളവയാണിവ എന്നാണ് നിഗമനം.
ഹേസ്റ്റിംഗ്സ് മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറിയിലെ ക്യൂറേറ്ററും പോര്‍ട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനുമാണ് ചരിത്രപ്രധാനമായ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്. കെന്റിലെ ഫോക്സ്റ്റോണ്‍ പ്രദേശത്തെ മലഞ്ചെരുവുകളിലാണ് ആറിനത്തില്‍ പെട്ട ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഈ പ്രദേശത്തുണ്ടാകുന്ന ശക്തമായ കാറ്റും തിരമാലകളും മേഖലയില്‍ നിന്ന് നിരവധി ഫോസിലുകള്‍ കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്. സാന്‍ഡ്സ്റ്റോണും കളിമണ്ണും കൂടിക്കലര്‍ന്ന് രൂപീകൃതമായ ശിലകളിലാണ് കാല്‍പ്പാടുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നത്.
ഫോക്സ്റ്റോണില്‍ ദിനോസറുകളുടെ കാലടയാളം കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പോര്‍ട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ പാലിയോബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡേവിഡ് മാര്ട്ടിന് പറഞ്ഞു.സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായ വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവറിന്റെ സമീപപ്രദേശത്താണ് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൊസിഡിംഗ്സ് ഓഫ് ദ ജിയോളജിസ്റ്റ്സ് അസ്സോസിയേഷന് ജേണലില്‍ ദിനോസര്‍ കാല്‍പ്പാടുകളെക്കുറിച്ച് കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കൂടാതെ ഫോക്സ്റ്റോണ്‍ മ്യൂസിയത്തില്‍ കാല്പ്പാടുകളില് ചിലവ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ആഴത്തില്‍ പതിഞ്ഞ കാല്പ്പാടുകളില് മണ്ണും കളിമണ്ണും മറ്റ് പദാര്‍ഥങ്ങളും അടിഞ്ഞു കൂടിയാണ് ഈ ഫോസിലുകള്‍ രൂപം കൊണ്ടിരിക്കുന്നത്. 110 ദശലക്ഷം വര്‍ഷം മുമ്പുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ബ്രിട്ടനില്‍ വിവിധ ഗണത്തിലുള്ള ദിനോസറുകള്‍ ജീവിച്ചിരുന്നതായി ഈ കാല്‍പ്പാടുകള്‍ സൂചന നല്കുന്നു. 2011ലാണ് ഫോക്സ്റ്റോണിലെ ഈ അടയാളങ്ങള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
പാറകളില്‍ ഇത്തരം അടയാളങ്ങള്‍ സാധാരണമാണെന്ന് ജിയോളജിസ്റ്റുകള്‍ അന്ന് അഭിപ്രായപ്പെട്ടെങ്കിലും വേലിയേറ്റങ്ങളേയും മണ്ണൊലിപ്പിനെയും തുടര്‍ന്ന് കാല്‍പ്പാടുകള്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നുവെന്ന് ഹേസ്റ്റിംഗ്സ് മ്യൂസിയത്തിലെ കളക്ഷന്‍സ് ആന്‍ഡ് എന്‍ഗേജ്മെന്റ് ക്യൂറേറ്റര്‍ ഫിലിപ്പ് ഹാഡ്ലാന്‍ഡ് പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമായിരുന്നതിനാല്‍ പോട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയെ ബന്ധപ്പെടുകയും കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരികയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കണ്ടെത്തിയിട്ടുള്ള കാല്പ്പാടുകളില് ഏറ്റവും വലിപ്പമേറിയതിന് 80 സെന്റിമീറ്റര്‍ നീളവും 65 സെന്റിമീറ്റര്‍ വിസ്താരവുമുണ്ട്. ഇത് ഇഗ്വാനോഡോണ്‍ എന്ന ഡിനോസറിന്റേതാണെന്നാണ് നിഗമനം. സസ്യഭുക്കുകളായ ഇവയ്ക്ക് പത്ത് മീറ്ററോളം നീളമുള്ളതായും രണ്ടോ നാലോ കാലുകളുണ്ടായിരുന്നതായും കരുതപ്പെടുന്നു.
Discussion about this post