വാഷിംഗ്ടണ്‍ : ചൈനയുടെ തായ്ഷാന്‍ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായെന്ന യുഎസിന്റെ വിലയിരുത്തല്‍ നിഷേധിച്ച് ചൈന. നിലയത്തിലെ രണ്ട് റിയാക്ടറുകളും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും റേഡിയേഷന് ചോര്‍ച്ചയുണ്ടെന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.
ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പിന്റെയും ഇലക്ട്രസിറ്റി ഡി ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമാണ് തായ്ഷാന്‍ ആണവ നിലയം. ഇതില്‍ ഫ്രഞ്ച് കമ്പനിയുടെ മുന്നറിയിപ്പിലാണ് യുഎസിന്റെ വിലയിരുത്തല്‍. നിലയത്തിന്റെ ചോര്‍ച്ചയെ സംബന്ധിച്ചുള്ള പരിശോധനയ്ക്കായി ചൈനീസ് അധികൃതര്‍ ബന്ധപ്പെട്ടെന്നും റേഡിയേഷന് കണ്ടെത്തുന്നതിനുള്ള സ്വീകാര്യമായ പരിധി ചൈന ഉയര്‍ത്തിയെന്നും ഫ്രഞ്ച് കമ്പനി യുഎസിനെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് കമ്പനി സഹായമഭ്യര്‍ഥിച്ച് യുഎസിന് കത്തെഴുതിയത്.
ഇതേത്തുടര്‍ന്ന് മുന്നറിയിപ്പ് സംബന്ധിച്ച സ്ഥിരീകരണത്തിന് യുഎസ് ഒരാഴ്ചയോളം ചിലവഴിച്ചുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച് പ്ളാന്റിലെ ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ കടുത്ത സുരക്ഷാ ഭീഷണിയില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതേ സമയം ചൈനീസ് കമ്പനിയില്‍ പങ്കാളിത്തമുള്ള ഒരു വിദേശ കമ്പനി സഹായമഭ്യര്‍ഥിച്ച് മറ്റ് രാജ്യങ്ങളെ സമീപിക്കുന്നത് അസാധാരണമായതിനാല്‍ സംഭവത്തില്‍ പൂര്‍ണമായും ആശങ്ക നീങ്ങിയിട്ടില്ല.
Discussion about this post