ന്യൂഡല്‍ഹി : നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന് അയച്ച മാമ്പഴം നിരസിച്ച് യുഎസ്സും ചൈനയും ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍. 32 രാജ്യങ്ങളുടെ ഭരണത്തലവന്മാര്ക്കാണ് പാക്കിസ്ഥാന് ചൗല്സ ഇനത്തില്‍പ്പെട്ട മാമ്പഴങ്ങള്‍ അയച്ചത്.
ബുധനാഴ്ച പ്രസിഡന്റ് ഡോ.ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്ക് പാക്കിസ്ഥാന് വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടികള്‍ അയക്കുകയായിരുന്നു. എന്നാല്‍ മാമ്പഴം സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ,നേപ്പാള്‍, ശ്രീലങ്ക,ഈജിപ്ത് എന്നീ രാജ്യങ്ങളും പെട്ടികള്‍ സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാന് മാമ്പഴം അയക്കുന്നുണ്ട്. എന്നാല്‍ സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തേ ഇന്ത്യയിലേക്കും പാക്കിസ്ഥാന് മാമ്പഴം അയച്ചിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും രാഷ്ട്രപതി പ്രമബ് മുഖര്‍ജിക്കും മുന്‍ പ്രധാനമന്ത്രി വാജ്പേയിക്കും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാമ്പഴം അയച്ചിട്ടുണ്ട്.
അന്‍വര്‍ റാത്തോള്‍, സിന്ധാരി എന്നീ മാമ്പഴങ്ങളും സാധാരണ പാക്കിസ്ഥാന് അയക്കാറുണ്ട്. എന്നാല്‍ ഇത്തവണ ലിസ്റ്റില്‍ ഇടം നേടിയത് ചൗല്സ മാത്രമായിരുന്നു.
Discussion about this post